X

എറണാകുളം ജില്ലയിലെ എല്ലാ വളര്‍ത്തുനായകള്‍ക്കും ഒക്ടോബര്‍ 30-നു മുമ്പ് ലൈസന്‍സ് എടുക്കണം

എറണാകുളം ജില്ലയില്‍ തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ ഊര്‍ജിത കര്‍മ്മ പദ്ധതി നടപ്പാക്കാന്‍ ഇന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്‌ളോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

തെരുവുനായകള്‍ക്ക് 100% വാക്‌സിനും, ബൂസ്റ്റര്‍ വാക്‌സിനും ഉറപ്പാക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനൊപ്പം ലൈസന്‍സും നല്‍കുന്ന വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഒക്ടോബര്‍ 30ന് അകം വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കണം. എബിസി കേന്ദ്രങ്ങള്‍ സജ്ജമാക്കുന്ന മുറയ്ക്ക് നായ്ക്കളുടെ വന്ധ്യകരണം പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്നും കലക്ടര്‍ ഫെയസ്ബുക്ക് പോസ്റ്റ് വഴി വ്യക്തമാക്കി.

കളക്ടര്‍ രേണു രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ എറണാകുളം ജില്ലയില്‍ ഊര്‍ജിത കര്‍മ്മ പദ്ധതി നടപ്പാക്കാന്‍ ഇന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉല്ലാസ് തോമസ്, ബ്‌ളോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ആദ്യഘട്ടത്തില്‍ നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) വടവുകോട്, മുളന്തുരുത്തി ബ്ലോക്കുകളില്‍ ഉടന്‍ ആരംഭിക്കും. എബിസി പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുള്ളതിനാലാണ് പൈലറ്റ് പദ്ധതി ഈ ബ്ലോക്കുകളില്‍ നടപ്പാക്കുന്നത്.

കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതിനു സമാനമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. ജില്ലയില്‍ എബിസി പദ്ധതിക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. നിലവിലുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്തായിരിക്കും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. പദ്ധതിക്കു തുടക്കം കുറിക്കുന്ന വടവുകോട്, മുളന്തുരുത്തി ബ്ലോക്കുകളുടെ മാതൃകയില്‍ മറ്റ് ബ്ലോക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വാക്‌സിനേഷന്‍ അടക്കമുള്ള പ്രതിരോധ നടപടികള്‍ അടിയന്തരമായി നടപ്പിലാക്കും. വളര്‍ത്തുമൃഗങ്ങളുടെ വാക്സിനേഷനും ലൈസന്‍സിംഗും ഉടന്‍ പൂര്‍ത്തീകരിക്കണം.
തെരുവുകളില്‍ മാലിന്യം വലിച്ചെറിയുന്നതു നിയന്ത്രിക്കുന്നതു സംബന്ധിച്ച അവബോധം നല്‍കുന്നതിനായി റസ്റ്റോറന്റ് അസോസിയേഷനുകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും യോഗം വിളിക്കും. സന്നദ്ധ സംഘടനകള്‍, എന്‍സിസി, എന്‍എസ്എസ് തുടങ്ങിയവരുടെ സഹകരണവും ഉറപ്പാക്കും

നിയമത്തിന്റെ പരിധിയില്‍ തെരുവുനായ പ്രശ്നം തരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. റസിഡന്‍സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ തെരുവുനായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു നടപടിയെടുക്കും. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കണം. നായ്ക്കളുടെ അഭയ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. ജനപ്രതിനിധികളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. തെരുവില്‍ മാലിന്യം വലിച്ചെറിയുന്നതു തെരുവ് നായ്ക്കള്‍ അനിയന്ത്രിതമായി വളരുന്നതിനു കാരണമായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം ശക്തമാക്കണം. ഭക്ഷ്യസാധനങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം.

നായകളെ പിടികൂടുന്നതിനുള്ള ഡോഗ് ക്യാച്ചേഴ്സിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് നായകളെ പിടികൂടുന്നതിനു പരിശീലനം നല്‍കും. പരിശീലനം ലഭിച്ച വാളന്റീയര്‍മാരെ അടക്കം നിയോഗിച്ച് അതിവേഗത്തില്‍ വാക്‌സിനേഷന്‍ നടപ്പാക്കുകയാണു ലക്ഷ്യം. തെരുവുനായകള്‍ക്ക് 100% വാക്‌സിനും, ബൂസ്റ്റര്‍ വാക്‌സിനും ഉറപ്പാക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനൊപ്പം ലൈസന്‍സും നല്‍കുന്ന വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഒക്ടോബര്‍ 30ന് അകം വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കണം. എബിസി കേന്ദ്രങ്ങള്‍ സജ്ജമാക്കുന്ന മുറയ്ക്ക് നായ്ക്കളുടെ വന്ധ്യകരണം പ്രവര്‍ത്തനങ്ങളും ആരംഭിക്കും.

യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ.എന്‍.ഉഷ റാണി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മറിയാമ്മ തോമസ്, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. പി.എം രജനി, വിവിധ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷര്‍, അംഗങ്ങള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Test User: