തിരുവനന്തപുരം: ശബരിമല യൂവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമെന്ന് പ്രതിപക്ഷം. യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ പിടിവാശിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാറിന് അവസരമുണ്ടായിരുന്നു. പ്രശ്‌ന പരിഹാരത്തിന് ലഭിച്ച നല്ലൊരു അവസരമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ആമുഖപ്രസംഗത്തില്‍ തന്നെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. പിന്നീട് പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെയുള്ള അഭിപ്രായങ്ങള്‍ കേട്ടശേഷവും മുഖ്യമന്ത്രി നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇത് ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ സമാധാനം നിലനിര്‍ത്താന്‍ രണ്ട് നിര്‍ദേശങ്ങളാണ് യു.ഡി.എഫ് മുന്നോട്ടുവെച്ചത്. സുപ്രീംകോടതി വിധിയില്‍ സാവകാശം തേടണമെന്നും അല്ലെങ്കില്‍ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന ജനുവരി 22 വരെ വിധി നടപ്പാക്കരുതെന്നുമാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ ഇതിന് തയ്യാറായില്ല. സര്‍വകക്ഷിയോഗം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും അതുകൊണ്ട് യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചെന്നും ചെന്നിത്തല പറഞ്ഞു.