X
    Categories: CultureMoreViews

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിരാശാജനകമെന്ന് പിണറായി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടിക്കാഴ്ചയില്‍ കേരളമുന്നയിച്ച സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ ഉറപ്പൊന്നും ലഭിച്ചില്ല. റേഷന്‍ വിഹിതം കൂട്ടണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിലധികമായി ഒന്നും നല്‍കാനാവില്ലെന്ന് പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തെ അറിയിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും ഉറപ്പൊന്നും നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

മഴക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കാമെന്ന ഉറപ്പ് മാത്രമാണ് സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയില്‍ നിന്ന് കിട്ടിയത്. ശബരിപാതക്ക് സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ പദ്ധതി നടപ്പാക്കാമെന്ന് കേന്ദ്രം അറിയിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ അന്തിമ തീരുമാനം വേണമെന്ന ആവശ്യവും കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ജോസ് കെ മാണി, എന്‍.കെ പ്രേമചന്ദ്രന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിന് ശേഷം സംസ്ഥാനത്തിന് ലഭിച്ചിരുന്ന ഭക്ഷ്യധാന്യ അളവ് 16 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 14.25 ലക്ഷം മെട്രിക് ടണ്ണാക്കി കുറച്ചിരുന്നു. ഇത് പഴയപടി നിലനിര്‍ത്തണമെന്നായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. നാണ്യവിളകള്‍ അധികമായി കൃഷി ചെയ്യുന്ന സാഹചര്യത്തിലാണ് ഭക്ഷ്യധാന്യങ്ങള്‍ കേരളത്തിന് കൂടുതലായി നല്‍കി വന്നിരുന്നത്.

പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് ആദ്യമായാണ് അനുമതി ലഭിക്കുന്നത്. നേരത്തെ രണ്ട് തവണ പ്രധാനമന്ത്രിയെ കാണാന്‍ കേരളം സമയം ചോദിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: