സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി ഗോവ ബിജെപി നേതാവ്. മുന്‍ മന്ത്രിയായ പാണ്ഡുരംഗ് മദ്‌കൈക്കര്‍ ആണ് ഗോവയിലെ ബിജെപി സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതിയില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് മദ്‌കൈക്കറുടെ ആരോപണം.
‘കൊള്ള നടക്കുന്നുണ്ട്. ഒന്നും അനങ്ങുന്നില്ല. അവര്‍ പണം എണ്ണുന്ന തിരക്കിലാണ്. എല്ലാ മന്ത്രിമാരും പണം എണ്ണുന്ന തിരക്കിലാണ്. ഗോവയില്‍ ഒന്നും സംഭവിക്കുന്നില്ല,’ സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിലെ മുന്‍ മന്ത്രി പറഞ്ഞു. സംസ്ഥാന മന്ത്രിമാര്‍ക്ക് ഫയലുകള്‍ ശരിയാക്കാന്‍ ലക്ഷങ്ങള്‍ നല്‍കേണ്ടിവരുമെന്ന് മദ്‌കൈക്കര്‍ ആരോപിച്ചു. ഒരു ചെറിയ ജോലിക്ക് വേണ്ടി ഒരു ബിജെപി മന്ത്രിക്ക് 20 ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാര്‍ട്ടിയുടെ ഉന്നത ദേശീയ നേതാക്കളിലൊരാളായ ബി.എല്‍. സന്തോഷിന്റെ രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മദ്‌കൈക്കര്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. കൈക്കൂലി നല്‍കിയ മന്ത്രി ആരാണെന്ന് അദ്ദേഹം പക്ഷെ വെളിപ്പെടുത്തിയില്ല. എന്നാല്‍ പാര്‍ട്ടി വിടുമ്പോള്‍ മന്ത്രിയുടെ പേര് പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഷയത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം ആര്‍ക്കെതിരെയാണോ അവരോട് ചോദിക്കൂ എന്നായിരുന്നു മുഖ്യമന്ത്രി സാവന്തിന്റെ പ്രതികരണം. എന്നാല്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണം അദ്ദേഹം നിഷേധിച്ചില്ല.