രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം ആദ്യമായി നടത്തിയ ലഡാക്ക് സന്ദര്‍ശനത്തിനിടെയാണ് രാഹുലിന്റെ വിമര്‍ശനം.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസ് ആണ് എല്ലാം നിയന്ത്രിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിലും സ്വന്തം ആളുകളെ നിയമിച്ച് ആര്‍.എസ്.എസ് നിയന്ത്രിക്കുന്നു. കേന്ദ്ര സര്‍ക്കാറിലെ ഏതെങ്കിലും മന്ത്രിമാരോട് ചോദിച്ചാല്‍ അവര്‍ പോലും പറയും, യഥാര്‍ഥത്തില്‍ അവരുടെ മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്യുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും ആര്‍.എസ്.എസ് നിയോഗിച്ചവരാണെന്ന് -രാഹുല്‍ പറഞ്ഞു.
യുവാക്കളുമായി സംവദിച്ച മറ്റൊരു പരിപാടിയില്‍ ഇന്ത്യയ്ക്ക് 1947ല്‍ ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ഏകീകരണമാണ് ഭരണഘടനയെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഭരണഘടന എന്നത് ഒരു കൂട്ടം നിയമങ്ങളാണ്. ഭരണഘടനയിലെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് ഭരണഘടനയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങള്‍ സ്ഥാപിക്കുക വഴിയാണ്. എന്നാല്‍ ബി.ജെ.പിയും ആര്‍.എസ്.എസും ചെയ്യുന്നത് ഭരണഘടനാ സ്ഥാപനങ്ങളില്‍ സ്വന്തം ആളുകളെ പ്രതിഷ്ഠിക്കുകയാണ് എന്നും രാഹുല്‍ വിമര്‍ശിച്ചു.