X
    Categories: CultureMoreNewsViews

കേന്ദ്രത്തിനെതിരെ പ്രതിഷേധം അലയടിച്ച് പൊതുപണിമുടക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ, തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിച്ച് പൊതുപണിമുടക്ക്. വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പൊതുപണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. കേരളം, അസം, മേഘാലയ, കര്‍ണാടക, മണിപ്പൂര്‍, ബിഹാര്‍, രാജസ്ഥാന്‍, ഗോവ, പഞ്ചാബ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാന സംസ്ഥാനങ്ങളില്‍ പണിമുടക്ക് ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍ണമായി അടഞ്ഞുകിടന്നു. കടകമ്പോളങ്ങളും ഭാഗികമായി മാത്രമാണ് തുറന്നത്. പ്രത്യേകിച്ച് വ്യവസായ, ഖനി മേഖലകള്‍ പൂര്‍ണമായി നിശ്ചലമായി. പൊതു പണിമുടക്കിനോട് എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ചതായി എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍ പറഞ്ഞു.

ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്കിനോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പലയിടത്തും സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. അസം പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ കൂടിയായതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പണിമുടക്ക് കാര്യമായി ബാധിച്ചു. തൊഴില്‍ കരാര്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനും തൊഴില്‍ സുരക്ഷ ഇല്ലാതാക്കാനും രാജ്യത്തെ തൊഴില്‍ മേഖല കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് തീറെഴുതാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കുന്നത്. കേരളത്തിലും പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍ണമായി അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ടാക്‌സി വാഹനങ്ങളും നിരത്തില്‍നിന്ന് വിട്ടുനിന്നതോടെ ജനജീവിതം സ്തംഭിച്ചു.

കെ.എസ്.ആര്‍.ടി.സി പമ്പ സര്‍വീസുകള്‍ മുടക്കമില്ലാതെ തുടര്‍ന്നു. സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞതിനെതുടര്‍ന്ന് റെയില്‍ ഗതാഗതം താറുമാറായി. മണിക്കൂറുകള്‍ വൈകിയാണ് പല ട്രെയിനുകളും സര്‍വീസ് നടത്തിയത്. മിക്ക നഗരങ്ങളിലും കടകമ്പോളങ്ങളും അടഞ്ഞുകിടുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: