X

രാജ്യത്ത് ശരിഅത്ത് കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടില്ല; ഓള്‍ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: രാജ്യത്ത് ശരിഅത്ത് കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടില്ലയെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. എല്ലാ ജില്ലകളിലും ശരിഅത്ത് നിയമപ്രകാരം കോടതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും ഓള്‍ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡംഗങ്ങള്‍ വ്യക്തമാക്കി.

ഇസ്ലാമിനകത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇസ്ലാമിക നിയമപ്രകാരം പരിഹരിക്കാനായി ശരിഅത്ത് കോടതികള്‍ രാജ്യത്തെ എല്ലാ ജില്ലകളിലും സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോടതികളെ സമീപിക്കാതെ തന്നെ തര്‍ക്കങ്ങള്‍ മതനിയമപ്രകാരം പരിശോധിക്കാനുള്ള നീക്കമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി ഓള്‍ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തന്നെ രംഗത്തെത്തിയത്.

രാജ്യത്തെ എല്ലാ ജില്ലകളില്‍ ശരിഅത്ത് കോടതികള്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ സംസാരിച്ചിട്ടുപോലുമില്ല. അത്തരം കോടതികള്‍ ആവശ്യമായിടത്തു മാത്രം, ജനങ്ങള്‍ക്ക് അവ ആവശ്യമുണ്ടെങ്കില്‍ മാത്രം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ശരിഅത്ത് ബോര്‍ഡ് ഒരിക്കലും ഒരു കോടതിയല്ല. ശരിഅത്ത് കോടതികളുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ ബോര്‍ഡംഗമായ ഓള്‍ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡംഗമായ സഫര്യാബ് ജിലാനി പറഞ്ഞു. ഉത്തരവാദിത്തബോധത്തോടെയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. വിഷയത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാനായി രാജ്യമെങ്ങും ശില്പശാലകള്‍ സംഘടിപ്പിക്കുമെന്നും ജിലാനി കൂട്ടിച്ചേര്‍ത്തു.

ശരിയത്ത് കോടതികള്‍ സ്ഥാപിക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളും ഇസ്ലാമിക സംഘടനകളും ഒന്നടങ്കം നിരാകരിച്ചിരുന്നു. ഇത്തരം കോടതികള്‍ സ്ഥാപിക്കുന്നത് രാജ്യത്ത് കാശ്മീരിനു സമാനമായ അവസ്ഥ കൊണ്ടു വരുമെന്ന് ഉത്തര്‍ പ്രദേശ് ഷിയാ വഖഫ് ബോര്‍ഡും അഭിപ്രായപ്പെട്ടിരുന്നു.കേന്ദ്ര നീതിന്യായ വകുപ്പു മന്ത്രി പി.പി ചൗധരിയും നിര്‍ദ്ദേശത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഏതു തരത്തിലുള്ള കോടതി സ്ഥാപിക്കണമെങ്കിലും അതിന് നിയമസാധുത ആവശ്യമുണ്ടെന്നായിരുന്നു ചൗധരിയുടെ വാദം.

chandrika: