X

അബുദാബിയില്‍ അഖിലേന്ത്യാ കബഡി മത്സരം 21ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അബുദാബി: അബുദാബിയിലെ കാസറഗോഡ് ജില്ലക്കാരുടെ പ്രവാസി കുടുംബകൂട്ടായ്മയായ പയസ്വനി അബുദാബി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി മത്സരം ‘പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പ് 2023’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മെയ് 21 ഞായറാഴ്ച രാവിലെ 11 മുതല്‍ അബുദാബി അല്‍നഹ്ദ നാഷണല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സിലാണ് മത്സരം നടക്കുക. കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പത്തിലധികം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ നിരവധി താരങ്ങള്‍ വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടി മത്സരിക്കും.

ബാംഗ്ലൂര്‍ ബുള്‍സിന്റെ ഹര്‍മന്‍ജിത്ത് സിംഗ്, പുനേരി പള്‍ട്ടന്റെ ബാബു, തെലുങ്ക് ടൈറ്റന്‍സിന്റെ ആദര്‍ശ്, ഷിയാസ്, പാറ്റ്‌ന പൈറേറ്റസിന്റെ രഞ്ജിത്ത് നായിക്ക്, ബാങ്ക് ഓഫ് ബറോഡയുടെ വിശ്വരാജ്, കര്‍ണാടക സ്റ്റേറ്റ് ജൂനിയര്‍ താരങ്ങളായ കലന്തറ് ഷാ, നസീര്‍ ഉള്ളാള്‍, ഇന്ത്യന്‍ കസ്റ്റംസിന്റെ പ്രഗത്ഭ താരം അനൂപ് ആറാട്ട്കടവ്, ദേശീയ കബഡിതാരവും യു പി യോദ്ധാസ് ടീം അംഗവുമായ സാഗര്‍ ബി കൃഷ്ണ അച്ചേരി, കാസറഗോഡന്‍ കളിയഴകിന്റെ സമര്‍ കൃഷ്ണ, തമിഴ് തലൈവാസിന്റെ അതുല്‍ മാടി, തമിഴ്‌നാട് സ്റ്റേറ്റ് ജൂനിയര്‍ താരം രാജ, ആല്‍വാസ് മംഗളൂരു യൂണിവേഴ്‌സിറ്റി താരങ്ങളായ ധീക്ഷിത്, ഭാരത് ഷെട്ടി, ശ്രാവണ്‍ ഇറ തുടങ്ങിയ പ്രഗത്ഭ താരങ്ങള്‍ മത്സരിക്കും.

ന്യൂസ്റ്റാര്‍ മംഗളൂര്‍, 02പൊന്നാനി, ഫ്രണ്ട്‌സ് ആറാട്ട് കടവ്, ന്യൂ മാര്‍ക്ക് മംഗളൂര്‍, കൂടല്ലൂര്‍ സ്‌പോര്‍ട്‌സ് ക്ലബ് തമിഴ്നാട്, തുടങ്ങിയ പത്തിലധികം ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. കാസര്‍ഗോഡ് ജില്ലയിലെ പ്രധാന കായിക വിനോദങ്ങളില്‍ ഒന്നായ കബഡിയെ അബുദാബിയില്‍ കൂടുതല്‍ ജനകീയമാക്കുക എന്നതാണ് ടൂര്‍ണമെന്റിലൂടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളത്തില്‍ സംഘാടക സമിതി മുഖ്യരക്ഷാധികാരി എ. കെ.ബീരാന്‍ കുട്ടി, രക്ഷാധികാരിമാരായ പദ്മനാഭന്‍.പി, ജനറല്‍ കണ്‍വീനര്‍ ടി.വി സുരേഷ്‌കുമാര്‍, വൈസ് ചെയര്‍മാന്മാരായ സലിം ചിറക്കല്‍, ജയകുമാര്‍ പെരിയ, പയസ്വിനി പ്രസിഡന്റ് ശ്രീജിത്ത് കുറ്റിക്കോല്‍, സെക്രട്ടറി ദീപ ജയകുമാര്‍, ട്രഷറര്‍ വാരിജാക്ഷന്‍ ഒളിയത്തടുക്ക, വി.ടി.വി.ദാമോദരന്‍, അനൂപ് നമ്പ്യാര്‍, കെ.കെ ശ്രീവത്സന്‍, ഉമേഷ് കാഞ്ഞങ്ങാട്, സുനില്‍ പാടി, വിശ്വംഭരന്‍ കാമലോന്‍, ഹരീഷ് ആയമ്പാറ, രാധാകൃഷ്ണന്‍ ചെര്‍ക്കള പ്രദീപ് കുറ്റിക്കേള്‍ എന്നിവര്‍ സംബന്ധിച്ചു

webdesk13: