ന്യൂഡല്‍ഹി: കൊല്‍ക്കത്ത എന്‍.ആര്‍.എസ് ആസ്പത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് സമരത്തില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). ഇന്ന് കാലത്ത് ആറ് മണി മുതല്‍ നാളെ കാലത്ത് ആറ് മണി വരെയാണ് സമരം. അടിയന്തര, അത്യാഹിത വിഭാഗങ്ങളില്‍ ഒഴിച്ച് മറ്റെല്ലാ മേഖലയിലേയും സേവനങ്ങളില്‍നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുമെന്ന് ഐ.എം.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒ.പി.ഡിയും ബഹിഷ്‌കരിക്കും. ഇതോടെ കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമൊട്ടാകെ ഇന്ന് സര്‍ക്കാര്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കും.
എന്‍.ആര്‍.എസ് ആസ്പത്രിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ക്കും ആസ്പത്രികള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായാണ് ഐ.എം.എ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ട കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ പ്രസ്താവനയെ ഐ.എം.എ തള്ളിക്കളഞ്ഞു. രാജ്യത്തൊട്ടാകെ ബാധകമായ നിലയില്‍ നിയമം നിര്‍മാണം നടത്തണമെന്ന നിര്‍ദേശമാണ് ഡോക്ടര്‍മാരുടെ സംഘടന മുന്നോട്ടു വെച്ചത്. ആസ്പത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കണം. എന്‍.ആര്‍.എസ് ആസ്പത്രിയില്‍ അരങ്ങേറിയതു പോലുള്ള സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. ഇതിനായി ഇന്ത്യന്‍ പീനല്‍ കോഡിലും(ഐ.പി.സി) ക്രിമിനല്‍ നടപടി ചട്ടത്തിലും(സി.ആര്‍.പി.സി) ആവശ്യമായ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ഐ.എം. എ ആവശ്യപ്പെട്ടു.
സമരത്തില്‍ പങ്കെടുക്കുമെന്ന് ഐ.എം.എ കേരള ഘടകവും വ്യക്തമാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധത്തില്‍ സമരത്തിന് പിന്തുണ നല്‍കുമെന്ന് സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം തടയുന്നതിന് കേരള സര്‍ക്കാര്‍ നേരത്തെ നിയമം കൊണ്ടുവന്നിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒ.പി ബഹിഷ്‌കരണം ഒരു മണിക്കൂറാക്കി ചുരുക്കുമെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകരുടെ സംഘടനായ കെ.ജി.എം. സി.ടി.എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈ സമയത്ത് പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും. കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും അധ്യാപകര്‍ ജോലിക്കു പ്രവേശിക്കുകയെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.