വാഷിങ്ടണ്‍: ഇസ്റാഈലിന്റെ ക്രൂരമായ കൂട്ടക്കൊല തുടരുന്നതിനിടെ അധികാരത്തിലേറും മുമ്പ് മുഴുവന്‍ ബന്ദികളെയും വിട്ടിയച്ചില്ലെങ്കില്‍ മൊത്തം നശിപ്പിക്കുമെന്ന് ഹമാസിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ സമ്പൂര്‍ണനാശമെന്നാണ് ഹമാസിന് ട്രംപ് നല്‍കിയ മുന്നറിയിപ്പ്. ഈ മാസം 20നാണ് അമേരിക്കയുടെ 47മത് പ്രസിഡന്റായി ട്രംപ് ചുമതലയേല്‍ക്കുന്നത്.
ട്രംപിന്റെ വാക്കുകള്‍: ”നിങ്ങളുടെ വിലപേശലില്‍ ഇടപെടണമെന്ന് ആഗ്രഹമില്ല. പക്ഷേ വൈറ്റ്ഹൗസില്‍ അധികാരത്തിലേറുമ്പോള്‍ ബന്ദികള്‍ അവരുടെ വീട്ടില്‍ തിരിച്ചെത്തിയിരിക്കണം. ഇല്ലെങ്കില്‍ പശ്ചിമേഷ്യയിലെ നിങ്ങളുടെ എല്ലാ കേന്ദ്രങ്ങളും നശിപ്പിക്കും”- ട്രംപ് പറഞ്ഞു.
ഫ്ലോറിഡയിലെ മാര്‍ അലാഗോയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ സ്ഥിതിഗതികളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ട്രംപിന്റെ ഭീഷണി. പശ്ചിമേഷ്യയിലെ പ്രത്യേക ദൂതന്‍ സ്റ്റീവന്‍ ചാള്‍സ് വിറ്റ്കോഫ് മടങ്ങിയെത്തിയിട്ടേയുള്ളൂവെന്നും ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നിയുക്ത പ്രസിഡന്റ് പറയുന്നത് അദ്ദേഹം പ്രതീക്ഷിക്കുന്ന കാര്യങ്ങളാണെന്നാണ് ട്രംപിന്റെ പ്രസ്താവനയോടുള്ള വിറ്റ്കോഫിന്റെ പ്രതികരണം. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും വീണ്ടും ഖത്തര്‍ സന്ദര്‍ശിച്ച് ചര്‍ച്ച തുടരുമെന്നും ഇപ്പോഴത്തെ പുരോഗതിയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ചനടന്നുവരുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന.