രാജ്യത്തെ ‘ഭാരത’ത്തിൽ നിന്ന് ‘ഹിന്ദുസ്ഥാൻ’ ആക്കുന്നതിന് എല്ലാ ഹിന്ദു സ്ത്രീകളും നാല് ആൺമക്കളെ പ്രസവിക്കണമെന്ന വിവാദ പ്രസ്താവനയുമായി ഹിന്ദു സന്യാസി. മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രീമദ് ഭഗവത് ഗീത പാരായണ പരിപാടിയിൽ, പഞ്ചായത്തി നിരഞ്ജനി അഖാരയിലെ സ്വാമി പ്രേമാനന്ദ് മഹാരാജ് ആണ് വിവാദ പ്രസ്താവന നടത്തിയത്.
‘ഭഗവത് പുരാണത്തിൽ പോലും ഒരാൾക്ക് 60,000 പുത്രന്മാരുണ്ടെന്ന് പറയുന്നു. ഇന്ന് പലർക്കും ഒന്നോ രണ്ടോ ആണ്മക്കൾ മാത്രമാണുള്ളത്. ഭാരതത്തെ ഹിന്ദുസ്ഥാനാക്കി മാറ്റണമെങ്കിൽ ഓരോ കുടുംബത്തിനും കുറഞ്ഞത് നാല് ആൺമക്കളെങ്കിലും ഉണ്ടായിരിക്കണം.
നമ്മുടെ ഉത്തർപ്രദേശ് പോയി, ആ സംസ്ഥാനത്തെ 17 ജില്ലകൾ ഇനി ഹിന്ദു മതത്തിൽ പെട്ടതല്ല. ബംഗാളിൻ്റെ പകുതിയും ഇല്ലാതായി, അസമിൽ പാസ്‌പോർട്ടില്ലാത്ത 5 ലക്ഷം പേരുണ്ട്.ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകൾ 8-10 കുട്ടികൾക്ക് വരെ ജന്മം നൽകുന്നു. ഇത് നമ്മൾ ശ്രദ്ധിക്കണം,’ പ്രേമാനന്ദ് മഹാരാജ് പറഞ്ഞു.
ന്യൂനപക്ഷ സമുദായം 25 വർഷം മുമ്പ് ഇന്ത്യയിൽ വെറും 2 കോടി മാത്രമായിരുന്നെന്നും പിന്നീട് അവർ 9 കോടിയായി മാറിയെന്നും പ്രേമാനന്ദ് മഹാരാജ് പറഞ്ഞു. ഇപ്പോൾ ന്യൂനപക്ഷ സമുദായം 38 കോടിയെത്തിയെന്നും അങ്ങനെ തുടർന്നാൽ ഇന്ത്യ ഇന്തോനേഷ്യ ആയി മാറുന്ന ദിവസം വിദൂരമല്ലെന്നും പ്രേമാനന്ദ് പറഞ്ഞു.