ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരം പുറത്ത്. ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ സി.സി.ടി.വികള്‍ പ്രവര്‍ത്തന രഹിതമാക്കിയിരുന്നതായി ചെന്നൈ അപ്പോളോ ആസ്പത്രി ചെയര്‍മാന്‍ ഡോ.പ്രതാപ് സി.റെഡ്ഡിയാണ് വെളിപ്പെടുത്തിയത്.
ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് മുതല്‍ മരിക്കുന്നത് വരെ ജയലളിത 24 മണിക്കൂറും തീവ്രപരിചരണ വിഭാഗത്തിലായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ജയലളിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളെല്ലാം അവരുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് എ.അറുമുഖ സ്വാമി കമ്മിഷന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആസ്പത്രിയിലെ സി.സി.ടിവി ദൃശ്യങ്ങള്‍ കൈമാറിയോയെന്ന് ചോദിച്ചപ്പോഴായിരുന്നു ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നതായി റെഡ്ഡി വെളിപ്പെടുത്തിയത്. ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ ഐ.സി.യുവിലെ സി.സി.ടി.വി പ്രവര്‍ത്തനരഹിതമാക്കി. മറ്റ് രോഗികളെയെല്ലാം മറ്റ് ഐ.സിയുകളിലേക്കും മാറ്റി. മറ്റാരും ജയലളിതയെ കാണരുതെന്നതിനാലാണ് ക്യാമറകള്‍ ഓഫാക്കിയത്. സന്ദര്‍ശകരെ ആരെയും ജയലളിതയെ കാണാനും അനുവദിച്ചിരുന്നില്ലെന്നും റെഡ്ഡി പറഞ്ഞു. ജയയുടെ ജീവന്‍ നിലനിറുത്താനായി ഡോക്ടര്‍മാര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.
75 ദിവസത്തെ ആസ്പത്രി വാസത്തിന് ശേഷം 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിച്ചത്.