X

ബി.ജെ.പിയുടെ നിര്‍മിതികളെല്ലാം അഴിമതിയിലൂന്നിയതാണ്: അഖിലേഷ് യാദവ്

രാജ്യത്ത് ബി.ജെ.പി ഭരണസമയത്തുള്ള നിര്‍മാണങ്ങളെല്ലാം അഴിമതിയില്‍ ഊന്നിക്കൊണ്ടുള്ളതാമെന്ന് സമാജ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് അഖിലേഷ് യാദവ് വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകര്‍ന്നുവീണത്. മാല്‍വാനിലെ രാജ്കോട്ടയില്‍ ആഗസ്റ്റ് 26 ന് ഉച്ചയോടെയാണ് പ്രതിമ തകര്‍ന്ന് വീണത്.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൊണ്ടുവന്ന എല്ലാ പദ്ധതികളും അഴിമതിയിലൂന്നിയതാണെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാരിനെ മഹാരാഷ്ട്രയിലെ ജനങ്ങള്‍ താഴെയിറക്കി മോദിയുടെ അഴിമതിക്ക് മറുപടി നല്‍കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

‘ഇത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് മാത്രം ഏല്‍ക്കുന്ന തിരിച്ചടിയല്ല. രാജ്യത്തെ ജനങ്ങള്‍ക്കാകമാനമുള്ള തിരിച്ചടിയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാരിനെ ജനങ്ങള്‍ പുറത്താക്കുകയും അഴിമതിക്കെതിരെ പ്രതികരിക്കുകയും ചെയ്യും,’ അഖിലേഷ് യാദവ് എക്സ് പോസ്റ്റില്‍ പറഞ്ഞു.

പ്രധാന മന്ത്രി മോദി തന്നെ അനാച്ഛാദനം ചെയ്ത പ്രതിമ തകര്‍ന്ന് വീണത് അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. പ്രതിമ നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വ്യക്തികള്‍ക്കെതിരെയും സര്‍ക്കാരിനെതിരെയും സമഗ്രമായ അന്വേഷണം വേണമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

പ്രതിമ തകര്‍ന്നതിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല. പി.ഡബ്ല്യൂ.ഡി, നാവികസേന ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഇതിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുമെന്നും പ്രതിമ തകര്‍ന്നത് ദൗര്‍ഭാഗ്യകരമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. ശക്തമായ കാറ്റിലാണ് പ്രതിമ തകര്‍ന്ന് വീണതെന്നും പുതിയ പ്രതിമ പുനര്‍സ്ഥാപിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ശിവജിയുടെ പ്രതിമ തകര്‍ന്ന് വീണതിന് പിന്നിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. നിലവില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയും കേന്ദ്രത്തിനെതിരെയും പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്.

webdesk13: