ലണ്ടന്‍: ബാങ്കുകളില്‍നിന്ന് വന്‍ തുക വായ്പ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യംവിട്ട വിജയ് മല്യ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരായി. ഇന്ത്യയിലെ 17 ബാങ്കുകളില്‍നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയ ശേഷം തിരിച്ചടയ്ക്കാതെ 2016 മാര്‍ച്ചിലാണ് മല്യ ലണ്ടനിലേക്കു കടന്നത്.
മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം ഡിസംബര്‍ നാലുമുതല്‍ പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മദ്യരാജാവ് കോടതിയില്‍ ഹാജരായത്.
എന്നാല്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇതുസംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാമെന്നും മല്യ കോടതിയില്‍ അവകാശപ്പെട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. തനിക്കെതിരായ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോടതിയെ നിരപരാധിത്വം തെളിയിക്കുമെന്നും മല്യ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യം വിദേശകാര്യ മന്ത്രാലയം മുന്നോട്ടുവച്ചത്. 17 ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9000 കോടി തിരിച്ചടയ്ക്കാത്തത് അടക്കമുള്ള കേസുകളാണ് ഇന്ത്യയില്‍ മല്യയ്‌ക്കെതിരെയുള്ളത്. നിയമ നടപടികളുമായി സഹകരിക്കാതെ 2016 മാര്‍ച്ചില്‍ ബ്രിട്ടനിലേക്ക് കടന്ന മല്യ പിന്നീട് തിരിച്ചുവന്നില്ല. ഇതോടെയാണ് മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനെ സമീപിച്ചത്.