മലപ്പുറം: നന്മക്ക് വേണ്ടിയാവണം സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അനാവശ്യ ലൈക്കുകളും ഷെയറുകളും ഒഴിവാക്കണമെന്നും വിദ്വേഷത്തിനും തിന്മകളും പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങളെ കൂട്ട് പിടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മതസൗഹാര്‍ദം തകര്‍ക്കുന്ന കാര്യങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും മറ്റുള്ളവരെ പരിഹസിക്കാന്‍ നമ്മള്‍ ചെയ്യുന്ന ഓരോ ഷെയറും നമ്മളെ തന്നെ തിരിഞ്ഞ് കൊത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കാലഘട്ടത്തില്‍ വിപ്ലവങ്ങളും അതുപോലെ തന്നെ കലാപങ്ങളും സൃഷ്ടിക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് കഴിയും. നന്മ പ്രതീക്ഷിച്ചുള്ള ഷെയറുകളും ലൈക്കുകളും സത്കര്‍മ്മമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറേ നാളുകളായി സമൂഹമാധ്യമങ്ങളില്‍ കാണുന്ന പല ചര്‍ച്ചകളും പോസ്റ്റുകളും ഇവിടെ തീപ്പൊരി ചിതറിയിടാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്കുള്ള ഉദാഹരണമാണ്. വിദ്വേഷം വളര്‍ത്താനും കലാപം നടത്താനും സമൂഹമാധ്യമങ്ങളെ ചട്ടുകമാക്കുന്നില്ലെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണമെന്നും തങ്ങള്‍ പറഞ്ഞു.