X

അപകടകാരിയായ ഷിഗല്ല രോഗബാധ: എന്ത്? എന്തു കൊണ്ട്? എങ്ങനെ?

കോഴിക്കോട്: നിപ്പ ബാധക്കു പിന്നാലെ സംസ്ഥാനത്ത് ഷിഗല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം ജില്ലകളിലാണ് ഷിഗല്ല ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഷിഗല്ല ബാധയെത്തുടര്‍ന്ന് കോഴിക്കോട്ട് ഇന്ന് ഒരു കുട്ടി മരിച്ചു.

പ്രത്യേകതരം വയറിളക്ക ബാധയാണ് ഷിഗല്ല. മലം കര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ല ബാക്ടീരിയ മനുഷ്യശരീരത്തിലെത്തുന്നത്. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെയും ശുദ്ധമായ ജലവും ഭക്ഷണവും കഴിക്കുന്നതിലൂടെയും രോഗം വരാതെ സൂക്ഷിക്കാനാകും.

വെറുമൊരു വയറിളക്ക രോഗമായി ഷിഗല്ലോസിസിനെ കാണാനാവില്ല. മരണത്തിലേക്ക് തന്നെ നയിക്കുന്ന ഈ രോഗം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയെത്തുടര്‍ന്നാണ് സാധാരണ വയറിളക്കമുണ്ടാകുന്നതെങ്കില്‍ ഷിഗല്ല പടരുന്നത് ബാക്ടീരിയയിലൂടെയാണ്. ജലജന്യ രോഗമായാണ് ഇതിനെ കണക്കാക്കുന്നത്. ഏറ്റവും കൂടുതല്‍ രോഗബാധ കണ്ടെത്തുന്നത് കുട്ടികളിലാണ്. മലം പരിശോധിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്. പനി, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയവയാണ് രോഗലക്ഷണം. മലവിസര്‍ജന സമയത്ത് രക്തവും പഴുപ്പും പുറത്തേക്കുവരുന്നു.

തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ളതിനാല്‍ പലപ്പോഴും രോഗം മൂര്‍ച്ഛിച്ച ശേഷമാണ് കണ്ടെത്തുകയെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. തലച്ചോറിനെയും വൃക്കയെയും ഇത് നേരിട്ട് ബാധിക്കുന്നതിനാല്‍ രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തിളപ്പിച്ചാറിച്ച വെള്ളം ഉപയോഗിക്കുന്നതിലൂടെ രോഗം വരാതെ സൂക്ഷിക്കാനാകും.

കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനുമുമ്പും ഇത്തരം രോഗം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫലപ്രദമായ ശുചിത്വ പരിപാലനമാണ് ഇത് തടയാനുള്ള പ്രധാനമാര്‍ഗമെന്ന ആരോഗ്യവകുപ്പ് പറയുന്നു.

എന്താണ് ഷിഗല്ല വയറിളക്കം?

സാധാരണയിലും അയഞ്ഞ് ദ്രാവകരൂപത്തില്‍ മലവിസര്‍ജനം ഉണ്ടാവുകയാണെങ്കില്‍ അതിനെ വയറിളക്കം എന്ന് പറയാം. വൈറസുകള്‍, ബാക്ടീരിയകള്‍, പരാദജീവികള്‍ തുടങ്ങിയ ജൈവാണുക്കള്‍ കുടിവെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ശരീരത്തിനകത്ത് എത്തുന്നതിലൂടെയാണ് വയറിളക്കം ഉണ്ടാവുന്നത്. അത്തരത്തിലുള്ള വയറിളക്കത്തിന്റെ ഒരു കാരണമാണ് ഷിഗല്ല ബാക്ടീരിയ.

എന്തുകൊണ്ടാണ് ഷിഗല്ല വയറിളക്കം അപകടകാാരിയായി മാറുന്നത്?

വയറിളക്കം മൂലം ശരീരത്തില്‍ നിന്ന് ജീവന്‍ നിലനില്‍ക്കുന്നതിന് ആവശ്യമായ ജലവും ലവണങ്ങളും പോഷണങ്ങളും നഷ്ടപ്പെടുന്നു. ജലാംശനഷ്ടവും ലവണനഷ്ടവുമാണ് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത്. തുടര്‍ച്ചയായ വയറിളക്കം മൂലം രോഗികളുടെ ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയെയാണ് നിര്‍ജലീകരണം എന്ന് പറയുന്നത്. ജലാംശത്തോടൊപ്പം സോഡിയം പൊട്ടാസിയം, ബൈകാര്‍ബണൈറ്റ് തുടങ്ങിയ ലവണഘടകങ്ങളും നഷ്ടപ്പെടുന്നു. ഷിഗല്ല ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന ഷിഗ ട്ടോക്സിൻ കുടലിനേയും മറ്റവയവങ്ങളേയും ബാധിക്കുകയും അത് മരണകാരമാവുകയും ചെയ്യുന്നു.

നിര്‍ജലീകരണത്തിന്‍റെ ലക്ഷണങ്ങള്‍

കുഴിഞ്ഞുവരണ്ട കണ്ണുകള്‍, ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ താഴ്ന്ന ഉച്ചി, ഉണങ്ങിവരണ്ട ചുണ്ടും നാവും തൊലി വലിച്ചു വിട്ടാല്‍ സാവധാനം മാത്രം പൂര്‍വസ്ഥിതിയിലാകല്‍, അധിക ദാഹം, അളവില്‍ കുറഞ്ഞ് കടുത്ത നിറത്തോടുകൂടിയ മൂത്രം, ക്ഷീണം, അസ്വസ്ഥത, മയക്കം തുടങ്ങിയവയാണ് നിര്‍ജലീകരണത്തിന്‍റെ ലക്ഷണങ്ങള്‍.

പാനീയ ചികിത്സ

എതു വയറിളക്കവും അപകടകാരിയായി മാറാം എന്നതുകൊണ്ട് വയറിളക്കത്തിന്‍റെ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങേണ്ടത് അത്യാന്താപേഷിതമാണ്. ശരീരത്തില്‍ നിന്ന് 10 ശതമാനത്തില്‍ കൂടുതല്‍ ജലാംശം നഷ്ടം സംഭവിക്കുമ്പോഴേ പലപ്പോഴും നിര്‍ജലീകരണ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളൂ.
പലപ്പോഴും തൊണ്ണൂറ് ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ വെച്ചുള്ള പാനീയ ചികിത്സ കൊണ്ട് ചികിത്സിക്കാവുന്നതും അതു വഴി കൂടുതല്‍ നിര്‍ജലീകരണ അവസ്ഥയിലേക്കും അതിലൂടെയുള്ള മരണത്തിലേക്കും നീങ്ങുന്നത് തടയുന്നതിനും കഴിയുന്നതാണ്. ചെറിയൊരു ശതമാനത്തിന് മാത്രമേ വിദഗ്ദ ചികിത്സയോ ആശുപത്രിയില്‍ നിന്നുള്ള ചികിത്സയോ ആവശ്യമായി വരികയുള്ളൂ. അതുകൊണ്ട് ഒ ആര്‍ എസ് മിശ്രിതമോ അത് ലഭ്യമല്ലെങ്കില്‍ വീട്ടില്‍ തയ്യാറാക്കുന്ന താഴെ പറയുന്ന ഗൃഹപാനിയങ്ങളോ വയറിളക്കത്തിന്‍റെ ആരംഭം മുതല്‍ തന്നെ കൊടുക്കേണ്ടതാണ്.

ഗൃഹപാനീയങ്ങള്‍

ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരിന്‍ വെള്ളം തുടങ്ങിയവയെല്ലാം കൊടുക്കാവുന്നതാണ്. ഇതില്‍ നമ്മുടെ സാഹചര്യത്തില്‍ ഉപ്പിട്ട കഞ്ഞിവെള്ളത്തെ Home Recommended Fluid എന്ന രീതിയില്‍ ഉള്‍പ്പെടുത്തിരിയിരിക്കുകയാണ്. കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്നതും ശാസ്ത്രീയമായി ഫലസിദ്ധി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ഉപ്പിട്ട കഞ്ഞിവെള്ളത്തിന്‍റെ പങ്ക്, ഉപ്പ് സോഡിയത്തിന്‍റെ നഷ്ടം പരിഹരിക്കുന്നു. കരിക്കിന്‍ വെള്ളം, ചെറുനാരങ്ങ, ഏത്തപ്പഴം തുടങ്ങിയവയില്‍ കൂടുതല്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

നിര്‍ജലീകരണ ലക്ഷണങ്ങള്‍ ഇല്ലാതെ ഒരാള്‍ ഓരോ പ്രാവശ്യവും വയറിളകി കഴിയുമ്പോള്‍ കൊടുക്കേണ്ട പാനീയത്തിന്‍റെ അളവ് ചുവടെ ചേര്‍ക്കുന്നു.

ആറു മാസത്തില്‍ താഴെയുള്ള കുഞ്ഞിന് (കാല്‍ ഗ്ലാസ് 5ml
ആറു മാസം മുതല്‍ 2 വയസു വരെ (കാല്‍ ഗ്ലാസ് മുതല്‍ അര ഗ്ലാസ് വരെ)
2 വയസു മുതല്‍ 5 വയസു വരെ ( അര ഗ്ലാസ് മുതല്‍ ഒരു ഗ്ലാസ് വരെ)
വലിയ കുട്ടികളും മുതിര്‍ന്നവര്‍ക്കും (ഒരു ഗ്ലാസിന് മുകളില്‍)

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കുഞ്ഞിന് ഛര്‍ദ്ദിയുണ്ടെങ്കില്‍ പാനീയം കൊടുക്കുന്നത് നിര്‍ത്തിവെച്ച് പത്തുമിനിറ്റ് കഴിഞ്ഞ് കൊടുക്കണം.
2. ചെറിയ കുട്ടികളെ പ്രത്യേകിച്ചും മടിയില്‍ ഇരുത്തിയാണ് പാനീയം കൊടുക്കേണ്ടത്.
3. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് അത് തുടര്‍ന്നു കൊടുത്തു കൊണ്ടിരിക്കണം.
4. വയറിളക്കമുള്ളപ്പോള്‍ പാനീയ ചികിത്സയോടൊപ്പം ആഹാരം തുടര്‍ന്നും നല്‍കണം.

വയറിളക്ക സമയത്ത് ജലാംശ ലവണനഷ്ടത്തോടൊപ്പം പോഷണവും നഷ്ടപ്പെടുന്ന കാര്യം നാം മുമ്പ് പറഞ്ഞതാണല്ലോ. പോഷണകുറവ് മൂലം കുഞ്ഞിന്‍റെ തൂക്കവും ആരോഗ്യവും കുറയുന്നതിന് ഇടയാക്കും. രോഗപ്രതിരോധശക്തി കുറയാനും അതുവഴി വയറിളക്കവും മറ്റ് രോഗങ്ങളും പിടിക്കാനുള്ള സാധ്യത കൂടുന്നു.

ദഹിക്കാനെളുപ്പമുള്ള ആഹാരം, ആവശ്യത്തിന് 5-7 പ്രാവശ്യം കുട്ടിക്ക് നല്‍കേണ്ടതാണ്. നന്നായി വേവിച്ച ചോറ്, കഞ്ഞി, ഇഡ്ലി, ദോശ്, റോട്ടി, ബണ്ണ് എന്നീ ആഹാരങ്ങള്‍ക്കു പുറമേ പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, കൈതച്ചക്ക തുടങ്ങിയവയും നല്‍കാവുന്നതാണ്.

ഒ ആര്‍ എസ് ലായനി തയ്യാറാക്കുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

1. കൈകള്‍ വൃത്തിയായി കഴുകുക
2. ശുചിയായ ഒരു പാത്രത്തില്‍ ഒരു ലിറ്റര്‍ ശുദ്ധജല എടുക്കുക.
3. ഒ ആര്‍ എസ് പായ്ക്കറ്റിന്‍റെ അരികുവശം മുറിച്ച് മുഴുവനായും വെള്ളത്തില്‍ ഇടുക.
4. പൊടി മുഴുവന്‍ ലയിച്ചുചേരുന്നതുവരെ വൃത്തിയുള്ള സ്പൂണ്‍ കൊണ്ട് ഇളക്കുക.
5. അല്പാല്പമായിട്ട് 50 മുതല്‍ 100 മില്ലി വരെ ലായനി കുഞ്ഞിനെ മടിയില്‍ ഇരുത്തി തല ഉയര്‍ത്തിപിടിച്ച് ഇടവിട്ട് നല്‍കുക. ചെറിയ കുട്ടികള്‍ക്ക് സ്പൂണില്‍ കൊടുക്കുക.
6. ഛര്‍ദ്ദിയുണ്ടെങ്കില്‍ 5-10 മിനിട്ട് കഴിഞ്ഞ് വീണ്ടും ലായനി അല്പാല്പമായി നല്‍കുക.
7. നാലു മണിക്കൂറിനുശേഷം നിര്‍ജ്ജലീകരണം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇതേ അളവില്‍ തന്നെ വീണ്ടും കൊടുക്കേണ്ടതാണ്.
8. ഒരിക്കല്‍ തയ്യാറാക്കിയ ലായനി 24 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം. ലായനി എപ്പോഴും മൂടിവെക്കണം.
9. ഒ ആര്‍ എസ് ലായനി കൊടുക്കുന്നതൊടൊപ്പം മറ്റ് പാനീയങ്ങളും മുലപ്പാലും കൊടുക്കേണ്ടതാണ്.

എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്?

അമിതമായ വയറിളക്കം, കുട്ടിക്ക് വളരെ കൂടുതലായ ദാഹം, നിര്‍ജലീകരണലക്ഷണങ്ങള്‍ കാണുക, പാനീയം കുടിക്കാന്‍ പോലും കഴിയാത്ത അവസ്ഥ, മയക്കം, കഴിഞ്ഞ ആറു മണിക്കൂറില്‍ മൂത്രം ഒഴിക്കാതിരിക്കുക, കുഴിഞ്ഞുതാണ കണ്ണുകള്‍, വളരെ വരണ്ട വായും നാക്കും, താഴ്ന്ന ഉച്ചി തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ കുഞ്ഞിനെ അതിവേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതാണ്. അതുപോലെ വയറിളക്കത്തോടൊപ്പം രക്തം പോകുന്നുണ്ടെങ്കിലും പനിയോ മറ്റ് അസ്വസ്ഥകളോ ഉണ്ടെങ്കിലും ഡോക്ടറെ കാണിക്കേണ്ടതാണ്. രോഗിക്ക് കുടിക്കാന്‍ കഴിയുമെങ്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ഒ ആര്‍ എസ് ലായനി കൊടുത്തുകൊണ്ടിരിക്കണം..

chandrika: