ഈജിപ്ത് താരം മുഹമ്മദ് സലാഹ് ആണ് യൂറോപ്യന്‍ ഫുട്‌ബോളിലെ പുതിയ മിന്നും താരം. ഒരു പതിറ്റാണ്ടിലേറെ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാറിമാറി പങ്കിടുന്ന ഒന്നാം സ്ഥാനത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ലിവര്‍പൂളിന്റെ 11-ാം നമ്പര്‍ ജഴ്‌സിയണിയുന്ന താരത്തിന് കഴിയുമെന്ന് ഫുട്‌ബോള്‍ ലോകം വിശ്വസിക്കുന്നു. ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടുകയും ഫൈനലില്‍ സലാഹ് ഗോളടിക്കുകയും ചെയ്താല്‍ ഈ വര്‍ഷത്തെ ‘ബാളന്‍ ഡോര്‍’ പുരസ്‌കാരം നേടാന്‍ 25-കാരന് സാധ്യതയുണ്ടെന്നാണ് ആരാധകരും ഫുട്‌ബോള്‍ പണ്ഡിറ്റുകളും വിശ്വസിക്കുന്നത്.
എ.എസ് റോമയിലും ഇപ്പോള്‍ ലിവര്‍പൂളിലും സലാഹ് കാഴ്ചവെക്കുന്ന പ്രകടനത്തില്‍ ഫുട്‌ബോള്‍ ലോകം, വിശേഷിച്ചും മിഡില്‍ ഈസ്റ്റ് ആവേശം കൊള്ളുന്നതിനിടയില്‍ മേഖലയില്‍ നിന്ന് മറ്റൊരു താരം യൂറോപ്പിലെ മിന്നും താരങ്ങളുടെ നിരയിലേക്കുയരുകയാണ്: അലി റിസ ജഹാന്‍ബഖ്ഷ്. ഇറാനിലെ ജിറാന്ദേയില്‍ ജനിച്ച ജഹാന്‍ബഖ്ഷ് ഹോളണ്ടിലെ എ.ഇസഡ് അല്‍ക്മാറിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ്. 2017-18 സീസണ്‍ ഡച്ച് ലീഗില്‍ ടോപ് സ്‌കോററായ താരം വന്‍കിട ക്ലബ്ബുകളുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.
ഇക്കഴിഞ്ഞ സീസണില്‍ 33 മത്സരങ്ങളില്‍ നിന്നായി 21 ഗോളുകളാണ് 24-കാരനായ അലി റിസ അടിച്ചുകൂട്ടിയത്. 12 ഗോളുകള്‍ക്ക് ഇറാന്‍ താരം വഴിയൊരുക്കുകയും ചെയ്തു. ലീഗിലെ അവസാന മത്സരത്തില്‍ കരുത്തരായ സ്വോളെക്കെതിരെ ഹാട്രിക്കും താരം നേടി.
ഒരു യൂറോപ്യന്‍ ലീഗില്‍ ടോപ് സ്‌കോററാവുന്ന ആദ്യ ഏഷ്യന്‍ താരം എന്ന ബഹുമതിയാണ് അലി റിസ സ്വന്തമാക്കിയത്. എ.ഇസഡ് അല്‍ക്മാര്‍ കഴിഞ്ഞ സീസണില്‍ നേടിയ 72 ഗോളുകളില്‍ 33 എണ്ണത്തിലും അലി റിസക്ക് പങ്കുണ്ട്.
അതിവേഗതയും പാസിങ് മികവുമാണ് അലി റിസയെ അപകടകാരിയാക്കുന്നത്. ഇതിനു പുറമെ, ഇരു കാലുകൊണ്ടും ഷൂട്ട് ചെയ്യാനുള്ള കഴിവും താരത്തിനുണ്ട്. 78 പ്രധാന പാസുകളും 112 വിജയകരമായ ഡ്രിബ്ലുകളും കഴിഞ്ഞ സീസണില്‍ താരം പൂര്‍ത്തിയാക്കി.
ബുണ്ടസ്‌ലിഗയില്‍ കളിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അലി റിസ പറയുന്നുണ്ടെങ്കിലും പ്രീമിയര്‍ ലീഗിലെയും സ്പാനിഷ് ലീഗിലെയും ക്ലബ്ബുകള്‍ താരത്തെ നോട്ടമിട്ടതായി വിവരമുണ്ട്. ഈ വര്‍ഷത്തെ ലോകകപ്പില്‍ ഇറാന്‍ കളിക്കുന്നുണ്ടെന്നതിനാല്‍ അലി റിസ ജഹാന്‍ബഖ്ഷിന്റെ പ്രകടനം ഫുട്‌ബോള്‍ ലോകം ഏറെ താല്‍പര്യത്തോടെയാവും വീക്ഷിക്കുക.