X
    Categories: CultureMoreViews

അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയെ ലക്ഷ്യമിട്ട് സംഘപരിവാര്‍; പ്രതിരോധം തീര്‍ത്ത് വിദ്യാര്‍ഥികള്‍

അലിഗഡ്: അധികാരത്തിലേറിയത് മുതല്‍ രാജ്യത്തെ ഉന്നത കലാലയങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഒടുവില്‍ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയേയും തേടിയെത്തി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ജീവന്‍ പോലും അപകടത്തിലാക്കുന്ന വിധത്തില്‍ സംഘപരിവാര്‍ ക്യാമ്പസില്‍ അതിക്രമിച്ച് കയറിയിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പായ ഹിന്ദു യുവവാഹിനി സേനയാണ് ക്യാമ്പസില്‍ കയറി ഹമീദ് അന്‍സാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. പൊലീസിന്റെ വിവേചനപരമായ പെരുമാറ്റം അവസാനിപ്പിച്ച് കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ പ്രക്ഷോഭം.

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച 25 വക്കീലുമാര്‍ യൂണിവേഴ്‌സിറ്റിയിലെത്തിയിരുന്നു. നാട്ടുകാരും അലിഗഡിലെ പൂര്‍വ വിദ്യാര്‍ഥികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന അലിഗഡിലെ പൂര്‍വ വിദ്യാര്‍ഥികളായ നിരവിധിപേര്‍ അവിടത്തെ ഇന്ത്യന്‍ എംബസികളിലേക്ക് അലിഗഡ് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.

ക്യാമ്പസില്‍ അതിക്രമിച്ച് കയറി മുന്‍ ഉപരാഷ്ട്രപതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന അലിഗഡ് വിദ്യാര്‍ഥി കംറാന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മെയ് രണ്ടിനാണ് ക്യാമ്പസില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അലിഗഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിക്കുന്ന ചടങ്ങിനായാണ് ഹമീദ് അന്‍സാരി ക്യാമ്പസിലെത്തിയത്. അദ്ദേഹം ക്യാമ്പസിനകത്തുള്ളപ്പോഴാണ് ഹിന്ദു യുവവാഹിനി സേന പ്രവര്‍ത്തകര്‍ തോക്കുകളും മാരകായുധങ്ങളുമായി ക്യാമ്പസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടയേണ്ട പൊലീസ് അവര്‍ക്ക് സംരക്ഷണമൊരുക്കി മാര്‍ച്ചിനൊപ്പം നീങ്ങുകയായിരുന്നു. ഒടുവില്‍ ഹമീദ് അന്‍സാരിയുടെ റൂമിനടുത്തെത്തിയ ഹിന്ദുത്വ തീവ്രവാദികളെ വിദ്യാര്‍ഥികളാണ് തടഞ്ഞത്.

അക്രമം കാണിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ പൊലീസ് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. വിദ്യാര്‍ഥികള്‍ പിടികൂടി പൊലീസിന് കൈമാറിയ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരെ പോലൂം പൊലീസ് വിട്ടയക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രതികള്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍ പരസ്യമാക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: