ലഖ്നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ പകല്‍ വെളിച്ചത്തില്‍ ജ്വല്ലറി കൊള്ളയടിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജ്വല്ലറിക്കുള്ളില്‍ എത്തിയ കൊള്ള സംഘം കൈകള്‍ സാനിറ്റേഷന്‍ ചെയ്താണ് തോക്ക് പുറത്തെടുത്തത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും കൈക്കലാക്കുകയായിരുന്നു.
അലിഗഡിലെ ജന്‍പാഡ് പ്രദേശത്തുള്ള ജ്വല്ലറി ഷോപ്പിലാണ് സംഭവം നടന്നത്. കടയില്‍ രണ്ട് ഉപഭോക്താക്കളിരിക്കെയാണ് മോഷ്ടാക്കള്‍ അകത്തെത്തിയത്. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും കടയ്ക്കുള്ളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് പതിഞ്ഞിട്ടുണ്ട്.
ഷോപ്പിനുള്ളില്‍ കാലെടുത്തുവെച്ച രണ്ട് കുറ്റവാളികളുടെ കൈകളിലേക്ക് ഷോപ്പ് കീപ്പര്‍ സാനിറ്റൈസര്‍ സ്‌പ്രേ ചെയ്യുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന്, അവരിലൊരാള്‍ അരയില്‍ ഒളിപ്പിച്ച റിവോള്‍വര്‍ പുറത്തെടുത്ത് ഉപഭോക്താവിന്റെ തലയിലേക്ക് ചൂണ്ടുകയായിരുന്നു. വില്‍പനക്കായി പുറത്തുവച്ച സ്വര്‍ണ്ണങ്ങളും അലമാരയില്‍ സെറ്റ് ചെയ്ത ആഭരണങ്ങളും പണവും കൊള്ള സംഘം തട്ടിയെടുത്തു ബാഗിലാക്കുകയായിരുന്നു. 40 ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ചതായി കടയുടമ അവകാശപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കവര്‍ച്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ജ്വല്ലറി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും മോഷ്ടാക്കള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും അറിയിച്ചു.