തിരുവനന്തപുരം: വിവാദമായ നിയമനങ്ങള്‍ക്കും നിരവധി ക്രമക്കേടുകള്‍ക്കും പിന്നാലെ ന്യൂനപക്ഷ വകുപ്പ് വകുപ്പ് ഡയറക്ടറെ മാറ്റാനും നീക്കം. നിലവില്‍ വകുപ്പിന്റെ ചുമതലയുള്ള അലി അസ്ഗര്‍ പാഷ ഐ.എ.എസിനെ നീക്കി, പകരം സി.പി.എം അധ്യാപകസംഘടനാ നേതാവിനെ ഡയറക്ടറായി നിയമിക്കാനാണ് നീക്കം. ഏപ്രില്‍ 22 മുതല്‍ 50 ദിവസത്തെ ലീവില്‍ പോയ ഡയറക്ടര്‍ തിരിച്ചെത്തിയതോടെയാണ് അദ്ദേഹത്തെ നീക്കാന്‍ ശ്രമം ആരംഭിച്ചത്. മലപ്പുറം തിരൂര്‍ സ്വദേശിയും മന്ത്രി കെ.ടി ജലീലിന്റെ മുന്‍ പെഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന അധ്യാപക സംഘടനാ നേതാവിനെയാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വകുപ്പില്‍ നടത്തിയ അറുപതോളം അനധികൃത നിയമനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഡയറക്ടര്‍ സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു. ക്രമക്കേടുകളുടെ പേരില്‍ ബലിയാടാകാനില്ലെന്നാണ് അദ്ദേഹം മന്ത്രിയെ അറിയിച്ചത്. നിയമവും ചട്ടങ്ങളും മറികടന്നുള്ള ഒരു നടപടിക്കും കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥനായാണ് അലി അസ്ഗര്‍ പാഷ അറിയപ്പെടുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ന്യൂനപക്ഷ വകുപ്പില്‍ നടന്ന ക്രമക്കേടുകള്‍ വകുപ്പ് ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ക്ഷീണമുണ്ടാക്കി. ഈ സാഹചര്യത്തില്‍ വകുപ്പിന്റെ പ്രവര്‍ത്തനം സുതാര്യമാകണമെന്ന് ഡയറക്ടര്‍ നിലപാട് സ്വീകരിച്ചു.
എന്നാല്‍ ന്യൂനപക്ഷ വകുപ്പ് നിയന്ത്രിക്കുന്ന മന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ തീരുമാനങ്ങളാണ് ഇവിടെ നടപ്പിലാകുന്നത്. ഇതോടെ ഡയറക്ടര്‍ ചില നിര്‍ണായക വിഷയങ്ങളില്‍ മന്ത്രിയെ അതൃപ്തി അറിയിച്ചതായാണ് സൂചന. മാത്രമല്ല, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, മൈനോറിറ്റി കോച്ചിംഗ് സെന്ററുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും നിലച്ചു. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങി. മദ്രസാ അധ്യാപകരുടെ ക്ഷേമനിധി, പലിശരഹിത വായ്പ, വിധവകളുടെ ഭവനപദ്ധതി തുടങ്ങിയ പദ്ധതികളില്‍ ഒരു രൂപപോലും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇത്തരത്തില്‍ വകുപ്പില്‍ ഉടനീളം പദ്ധതി പരാജയവും ക്രമക്കേടുകളും പതിവായതിന് പിന്നാലെയാണ് മന്ത്രിയുടെ ഇഷ്ടക്കാരനായ ആളെ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തിരൂര്‍ സ്വദേശിയായ കോളജ് അധ്യാപകനെ ഡയറക്ടര്‍ ആക്കുന്നതിനോട് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.