രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ജോ റൂട്ടിനും മുഈന്‍ അലിക്കും പുറമെ ബെന്‍ സ്റ്റോക്‌സും സെഞ്ച്വറിയടിച്ചതോടെ 537 റണ്‍സാണ് സന്ദര്‍ശകര്‍ അടിച്ചുകൂട്ടിയത്.
ആദ്യം മുഈന്‍ അലി
ആദ്യദിനം ജോ റൂട്ടിന്റെ (124) ഏഷ്യയിലെ കന്നി ശതകത്തിന്റെ കരുത്തില്‍ ബലത്തില്‍ നാലു വിക്കറ്റിന് 311 റണ്‍സെടുത്തിരുന്ന ഇംഗ്ലണ്ട് ഇന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്തി. ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ 99 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന മുഈന്‍ അലി ഇന്ന് ആദ്യ ഓവറില്‍ തന്നെ സെഞ്ച്വറിയിലെത്തി. ഷമിയുടെ ഷോര്‍ട്ട് പിച്ച് പോയിന്റിലേക്ക് തട്ടിയിട്ടാണ് മുഈന്‍ മൂന്നക്കം പിന്നിട്ടത്. 195 പന്തില്‍ ഒമ്പത് ഫോറുകള്‍ സഹിതമായിരുന്നു നേട്ടം.
അടുത്ത ഓവറില്‍ ഉമേഷ് യാദവിനെ മൂന്നു തവണ ബൗണ്ടറി കടത്തിയ മുഈന്‍ അലി ഇംഗ്ലണ്ടിന്റെ നയം വ്യക്തമാക്കി. എന്നാല്‍ അധികനേരം ക്രീസില്‍ നില്‍ക്കാന്‍ ഇടങ്കയ്യനായില്ല. മത്സരത്തിലെ 100-ാം ഓവറില്‍ മുഹമ്മദ് ഷമിയുടെ പന്ത് മുഈന്റെ കണക്കുകൂട്ടല്‍ പൂര്‍ണമായി തെറ്റിച്ചപ്പോള്‍ ഓഫ് സ്റ്റംപ് തെറിച്ചു. 13 ഫോറുകളടക്കം 117 റണ്‍സുമായി മുഈന്‍ അലി മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് 343-ലെത്തിയിരുന്നു.
പിന്നെ സ്റ്റോക്‌സ്
ഇന്നലെ മുഈന്‍ അലിക്ക് കൂട്ടായി ക്രീസിലുണ്ടായിരുന്ന ബെന്‍ സ്‌റ്റോക്‌സിന്റേതായിരുന്നു അടുത്ത ഊഴം 89 പന്തില്‍ അര്‍ധശതകം കണ്ട സ്റ്റോക്‌സ് ബെയര്‍സ്‌റ്റോക്കൊപ്പം ചേര്‍ന്ന് സ്‌കോര്‍ 400 കടത്തി. 173 പന്തില്‍ പന്ത്രണ്ട് ഫോറും ഒരു സിക്‌സറുമടക്കമാണ് സ്‌റ്റോക്‌സ് സെഞ്ച്വറി നേടിയത്. 61-ല്‍ നില്‍ക്കെ ഉമേഷ് യാദവിന്റെ പന്തില്‍ സ്റ്റോക്‌സിനെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ വിട്ടുകളഞ്ഞിരുന്നു.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ബെയര്‍സ്റ്റോയെ (57 പന്തില്‍ 46) മുഹമ്മദ് ഷമി പുറത്താക്കിയെങ്കിലും ഇംഗ്ലണ്ട് 442-ല്‍ എത്തിയിരുന്നു. ക്രിസ് വോക്‌സ് (4), ആദില്‍ റാഷിദ് (5) എന്നിവര്‍ കൂടി ജഡേജക്ക് വിക്കറ്റ് നല്‍കിയെങ്കിലും സഫര്‍ അന്‍സാരി(32)ക്കൊപ്പം സ്റ്റോക്‌സ് ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു.
ലഞ്ചിനു ശേഷമുള്ള ആദ്യ ഓവറില്‍ സ്‌റ്റോക്‌സിനെ ജഡേജ മടക്കി. ഒമ്പതാം വിക്കറ്റായിട്ടായിരുന്നു സ്റ്റോക്‌സിന്റെ മടക്കം. അന്‍സാരിയെ അമിത് മിശ്ര വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് അവസാനിച്ചു.