X

റെക്കോഡ് തുകയ്ക്ക് മെസിയെ നോട്ടമിട്ട് അല്‍ഹിലാല്‍ ക്ലബ്

റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെക്കോഡ് തുകയ്ക്ക് സഊദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്‌റിലേക്ക് ചേക്കേറിയതിന് പിന്നാലെ ലോകകപ്പ് ഹീറോ ലയണല്‍ മെസിയേയും സ്വന്തമാക്കാനൊരുങ്ങി സഊദി ക്ലബ്ബ്. പ്രതിവര്‍ഷം ഏകദേശം 200 മില്യണ്‍ യൂറോയ്ക്ക് മുകളില്‍ പ്രതിഫലം നല്‍കിയാണ് അല്‍ നസ്ര്‍ പോര്‍ച്ചുഗീസ് നായകനായ റൊണാള്‍ഡോയെ തട്ടകത്തിലെത്തിച്ചതെങ്കില്‍ ഇതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുന്‍പ് സഊദി ക്ലബ്ബ് അല്‍ഹിലാലാണ് അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ്. മുന്‍ഡോ ഡിപോര്‍ട്ടിവോ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മെസിയെ സ്വന്തമാക്കാന്‍ സഊദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ സജീവമായി രംഗത്തുണ്ട്. മെസിയ്ക്ക് വേണ്ടി പ്രതിവര്‍ഷം 300 മില്യണ്‍ ഡോളര്‍ (ഏകദേശം 2445 കോടി രൂപ) പ്രതിഫലമാണ് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കരാര്‍ പ്രാവര്‍ത്തികമായാല്‍ ലോകത്ത് ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരിക്കും ഇത്. നിലവില്‍ സഊദി അറേബ്യന്‍ ടൂറിസം അംബാസഡറാണ് മെസി. നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയ്ക്ക് വേണ്ടിയാണ് മെസി പന്തുതട്ടുന്നത്.

2022 ലോകകപ്പ് സ്വന്തമാക്കിയ മെസി കരിയറില്‍ നേടാവുന്ന മിക്ക പുരസ്‌കാരങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു. സഊദി അറേബ്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി മെസി വരുമെന്നാണ് അല്‍ ഹിലാല്‍ ക്ലബ്ബ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മെസി കരാറിന് സമ്മതം മൂളിയാല്‍ ക്രിസ്റ്റ്യാനോയുടെ പേരിലുള്ള ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയുടെ റെക്കോഡ് അര്‍ജന്റീന നായകന്റെ പേരിലാകും. ഈ സീസണിന്റെ അവസാനത്തോടെ മെസിയുടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കുകയാണ്. അല്‍ഹിലാലുമായുള്ള ചര്‍ച്ചയ്ക്കായി മെസിയുടെ പിതാവ് ജോര്‍ജെ റിയാദിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അല്‍ഹിലാല്‍-അല്‍ നസ്ര്‍ ക്ലബ്ബുകളുടെ പോരാട്ടം സഊദി ലീഗിലെ കടുത്ത പോരാട്ടമായാണ് കണക്കാക്കുന്നത്. റൊണാള്‍ഡോയുടെ അല്‍ നസ്‌റിനെ നേരിടാന്‍ മെസി അല്‍ഹിലാലിലെത്തിയാല്‍ സ്പാനിഷ് എല്‍ ക്ലാസിക്കോയില്‍ റിയല്‍-ബാഴ്‌സ പോരാട്ടത്തില്‍ മെസിയും റൊണാള്‍ഡോയും ഏറ്റുമുട്ടുമ്പോഴുണ്ടാകുന്ന പ്രതീതി ജനിപ്പിക്കാനാവുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇതിനോടകം തന്നെ ഇക്കാര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 19ന് റിയാദില്‍ പി.എസ്.ജിയും അല്‍ നസ്ര്‍, അല്‍ഹിലാല്‍ ഓള്‍സ്റ്റാര്‍ ഇലവനുമായി മത്സരിക്കുമ്പോള്‍ ലോകം കാത്തിരിക്കുന്നത് മെസി-റൊണാള്‍ഡോ പോരിനായാണ്.

webdesk11: