ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അലഹബാദ് കോടതിയുടെ ലക്‌നൗ ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശ് ഡി.ജി.പി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എ.ഡി.ജി.പി, ഹത്‌റാസ് ജില്ലാ മജിസ്‌ട്രേറ്റ്, എസ്.പി എന്നിവരില്‍ നിന്ന് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഒക്ടോബര്‍ പന്ത്രണ്ടിന് മുന്‍പ് മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, ഹത്രാസ് പെണ്‍കുട്ടി ബലാത്സംഗവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാര്‍ കാണിക്കുന്ന ഒളിച്ചുകളിക്കെതിരെ രാജ്യത്താകമാനം കനത്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ ഡല്‍ഹിയുപി അതിര്‍ത്തിയില്‍വെച്ച് തടഞ്ഞെങ്കിലും പദയാത്രയാരംഭിച്ച ഇരുവരേയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെയാണ് ഇരു നേതാക്കളേയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്.