അള്‍ജിയേഴ്‌സ്: ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 257 മരണം. അള്‍ജീരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബ്ലിഡ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നത്. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടം.
അള്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാഫിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. വിമാനം തകര്‍ന്നു വീണ പ്രദേശത്ത് നിന്ന് ശക്തമായ തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. പരിക്കേറ്റ പലരേയും ആസ്പത്രിയിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എയ്ന്‍ നാഡ്ജയിലെ സൈനിക ആസ്പത്രിയില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനായി സൂക്ഷിച്ചിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 14 ആംബുലന്‍സുകളും പത്ത് ട്രക്കുകളും പ്രദേശത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ സൈനിക മേധാവി ജനറല്‍ ഗെഡ് സാല അന്വേഷണം പ്രഖ്യാപിച്ചു.