അല്‍ജിയേഴ്‌സ്: അല്‍ജീരിയന്‍ അധികാരികള്‍ പതിനായിരത്തിലേറെ അഭയാര്‍ത്ഥികളെ സഹാറ മരുഭൂമിയില്‍ ഉപേക്ഷിച്ച് മരണത്തിലേക്ക് തള്ളിയതായി റിപ്പോര്‍ട്ട്. 14 മാസത്തിനിടെ കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെ 13,000 അഭയാര്‍ത്ഥികളെ ഭക്ഷണവും വെള്ളവുമില്ലാതെ മരുഭൂമിയിലൂടെ നടക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കത്തുന്ന വെയിലില്‍ തോക്കുചൂണ്ടിയാണ് അഭയാര്‍ത്ഥികളെ മരുഭൂമിയിലൂടെ കൂട്ടത്തോടെ തെളിച്ചുകൊണ്ടുപോയതെന്ന് അസോസിയേറ്റഡ് പ്രസ് പറയുന്നു.
48 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ ചക്രവാളം കടന്ന് വരുന്നത് സഹാറയിലെ പതിവ് കാഴ്ചകളാണ്. നൈജറിലേക്കാണ് ഭൂരിഭാഗം പേരെയും ആട്ടിയോടിക്കുന്നത്. ഭാഗ്യമുള്ളവര്‍ കിലോമീറ്ററുകളോളം നടന്ന് അതിര്‍ത്തി ഗ്രാമമായ അസ്സമാകയില്‍ എത്തുന്നു. മറ്റു ചിലര്‍ വഴിയറിയാതെ ദിവസങ്ങളോളം മരുഭൂമിയില്‍ അലയുന്നു. യു.എന്‍ സംഘത്തിന്റെ ശ്രദ്ധയില്‍ പെടുന്നവര്‍ മാത്രം രക്ഷപ്പെടുന്നു. അല്ലാത്തവര്‍ വെള്ളവും ഭക്ഷണവും കിട്ടാതെ മരുഭൂമിയില്‍ മരിച്ചുവീഴുന്നു. എത്രപേര്‍ ഇങ്ങനെ മരണപ്പെട്ടുവെന്ന് കണക്കില്ല. രക്ഷപ്പെട്ടവരില്‍ പലരും അസോസിയേറ്റഡ് പ്രസിന് നല്‍കിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. മരുഭൂമി മുറിച്ചുകടന്ന അഭയാര്‍ത്ഥി സംഘത്തില്‍ ജാനെറ്റ് കമാറയും അംഗമായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് ജാനെറ്റിന് ചുട്ടുപൊള്ളുന്ന മരുഭൂമി താണ്ടേണ്ടിവന്നത്. സംഘത്തില്‍ ഓരോരുത്തരും മരിച്ചുകൊണ്ടിരുന്നു. യാത്രാമധ്യേ നിരവധി പേരെ കാണാതായി. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളില്‍ എല്ലാവരും സ്വന്തം കാര്യം നോക്കുകയായിരുന്നുവെന്ന് ജാനെറ്റ് പറയുന്നു. രണ്ടു രാത്രിയും പകലും സംഘത്തിന് മുരുഭൂമിയില്‍ അലയേണ്ടിവന്നു. ജാനെറ്റിന് ഏക മകനെ നഷ്ടപ്പെട്ടു. മറ്റൊരു യുവതി മരുഭൂമിയില്‍ പ്രസവിച്ചു. പക്ഷെ, അവള്‍ക്ക് കുഞ്ഞിനെ ജീവനോടെ കിട്ടിയില്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെയാണ് അല്‍ജീരിയന്‍ അധികാരികള്‍ പിടികൂടി സഹാറ മരുഭൂമിയിലൂടെ തിരിച്ചയക്കുന്നത്. 2017 ഒക്ടോബര്‍ മുതലാണ് അല്‍ജീരിയ അഭയാര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കാന്‍ തുടങ്ങിയത്. അല്‍ജീരിയയുടെ പ്രവര്‍ത്തനങ്ങളക്കുറിച്ച് അറിയാമെന്നും പക്ഷെ, പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് പറഞ്ഞു. അഭയാര്‍ത്ഥി പ്രവാഹം ശക്തമായ 2014നും 2017നുമിടക്ക് അല്‍ജീരിയക്ക് യൂറോപ്പില്‍നിന്ന് 111.3 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു. അനധികൃതമായി രാജ്യത്തെത്തിയ അഭയാര്‍ത്ഥികളില്‍ എത്ര പേരെ അല്‍ജീരിയ മരുഭൂമി വഴി നാടുകടത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. അന്താരാഷ്ട്ര അഭയാര്‍ത്ഥി സംഘടന(ഐ.ഒ.എം) കണക്കെടുപ്പ് തുടങ്ങിയതോടെയാണ് പ്രതിസിന്ധിയുടെ രൂക്ഷത ലോകം മനസ്സിലാക്കിയത്.
മരുഭൂമിയിലൂടെ ആട്ടിത്തെളിക്കുന്നതിന് പുറമെ നിരവധി അഭയാര്‍ത്ഥികളെ ട്രക്കുകളില്‍ തിരുകിക്കയറ്റിയും അല്‍ജീരിയ നാടുകടത്തി. മരുഭൂമിയിലൂടെ മണിക്കൂറുകളോളം ഓടിച്ചാണ് ട്രക്കുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയിരുന്നത്. തോക്കുചൂണ്ടിയായിരുന്നു പലപ്പോഴും അഭയാര്‍ത്ഥികളെ മരുഭൂമിയിലൂടെ നടത്തിക്കൊണ്ടുപോയത്. അനേകം പേര്‍ യാത്രക്കിടെ മരുഭൂമിയില്‍ തളര്‍ന്നുവീണു. സ്വന്തം ജീവന്‍ രക്ഷപ്പെടുത്താനുള്ള വൃഗ്രതക്കിടെ അവരെ ഉപേക്ഷിച്ച് സംഘം കടന്നുപോകുകയായിരുന്നു പതിവ്. ഭക്ഷണമോ മൊബൈല്‍ ഫോണുകളോ ഇല്ലാതെ അവര്‍ തങ്ങളെ മരുഭൂമിയില്‍ തള്ളുകയായിരുന്നുവെന്ന് സെനഗലില്‍നിന്നുള്ള പതിനെട്ടുകാരന്‍ അലിയു കാന്‍ഡെ പറഞ്ഞു.