ന്യൂയോര്‍ക്ക്: ജറുസലേം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ഫലസ്തീന്‍ ജനതയുടെ അവകാശമാണെന്ന് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മാദ്ജിദ് തെബ്ബൗണ്‍. ഓണ്‍ലൈനില്‍ ചേര്‍ന്ന 75-ാം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറുസലേം തലസ്ഥാനമായ സ്വതന്ത്ര, പരമാധികാര ഫലസ്തീന്‍ രാഷ്ട്രം ഫലസ്തീന്‍ ജനതയുടെ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത അവകാശമാണെന്ന ഞങ്ങളുടെ നിലപാട് ഞങ്ങള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ്-തെബ്ബൗണ്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ഇസ്രയേലിനോടുള്ള നിലപാടില്‍ അറബ് രാഷ്ട്രങ്ങള്‍ അയവ് വരുത്തുന്നതില്‍ തെബൗണ്‍ ആശങ്ക അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎന്‍ അസംബ്ലിയില്‍ ഫലസ്തീനുള്ള പിന്തുണ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നത്.
യുഎഇയും ബഹ്‌റൈനും അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ തങ്ങളുടെ ഇസ്രയേല്‍ ബഹിഷ്‌കരണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഖത്തര്‍ അമീര്‍ കഴിഞ്ഞ ദിവസം ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അള്‍ജീരിയയും ഫലസ്തീനൊപ്പമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.