മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ പരോള്‍ ലംഘിച്ചുവെന്ന കുറ്റത്തിന് മൂന്ന് വര്‍ഷത്തേക്ക് ജയിലില്‍ അടച്ചു. റഷ്യയില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടക്കവെയാണ് പുടിന്‍ സര്‍ക്കാര്‍ നവല്‍നിയെ ജയിലില്‍ അടച്ചത്. നവല്‍നിയെ ഹൗസ് അറസ്റ്റില്‍ വെച്ച കാലയളവ് കൂടി പരിഗണിച്ച് രണ്ട് വര്‍ഷവും എട്ട് മാസവുമായിരിക്കും അദ്ദേഹത്തിന് തടവുശിക്ഷ അനുഭവിക്കേണ്ടിവരിക.
നവല്‍നി വിഷബാധയേറ്റ് ജര്‍മ്മനിയില്‍ ചികിത്സയില്‍ കഴിയവേ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കോടതി പറഞ്ഞു. ബെര്‍ലിനില്‍ നിന്ന് മോസ്‌കോയിലേക്ക് തിരികെയെത്തിയ നവല്‍നിയെ ജനുവരി 17നാണ് അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം നടത്തിയവരെ റഷ്യന്‍ സര്‍ക്കാര്‍ വ്യാപകമായി അറസ്റ്റ് ചെയ്തിരുന്നു. -40 ഡിഗ്രി സെല്‍ഷ്യസ് ഉള്ള റഷ്യയിലെ പ്രദേശങ്ങളില്‍ പോലും ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ജനുവരി 17ന് നടന്ന അറസ്റ്റിന് തൊട്ടുപിന്നാലെ തന്നെ നവല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ സമരങ്ങള്‍ ആരംഭിച്ചിരുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ മോസ്‌കോയില്‍ മാത്രം 40,000ത്തിലേറെ പേരാണ് പങ്കെടുത്തതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതിഷേധക്കാരെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെയും വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെയും നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന ജനങ്ങളെ പൊലീസ് അടിച്ചമര്‍ത്തിയതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സൈബീരിയയില്‍ നിന്നും മോസ്‌കോവിലേക്കുള്ള വിമാനയാത്രക്കിടെയാണ് അലക്സി നവല്‍നിയ്ക്ക് വിഷബാധയേറ്റത്. തുടര്‍ന്ന് ഇദ്ദേഹം ആഴ്ചകളോളം കോമയിലായിരുന്നു.