പുതുച്ചേരി: തമാശക്കു പോലും ബ്ലുവെയില്‍ ഗെയിം പരീക്ഷിക്കരുതെന്ന് മരണക്കെണിയില്‍ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയ പുതുച്ചേരി സ്വദേശി അലക്‌സാണ്ടര്‍. ബ്ലൂവെയില്‍ ഗെയിമില്‍ അകപ്പെട്ടാല്‍ പുറത്തുകടക്കാന്‍ രക്ഷയില്ലെന്ന് അലക്‌സാണ്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആത്മഹത്യക്കു ശ്രമിച്ച അലക്‌സാണ്ടറിനെ പൊലീസ് രക്ഷപ്പെടുത്തിയത്.
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് അലക്‌സാണ്ടറിന് ലിങ്ക് ലഭിച്ചത്. അവധിക്കു നാട്ടില്‍ വന്നപ്പോള്‍ മുതലാണ് ബ്ലൂവെയില്‍ കളിക്കാന്‍ ആരംഭിച്ചത്. അഡ്മിന്‍ തരുന്ന ടാസ്‌ക്കുകള്‍ എല്ലാ ദിവസവും പുലര്‍ച്ചെ രണ്ട് മണിക്കു മുമ്പായി പൂര്‍ത്തീകരിക്കണം. ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് ചോദിക്കുക. ഗെയിമില്‍ അകപ്പെട്ടതിനാല്‍ ലീവ് കഴിഞ്ഞെങ്കിലും ജോലിക്കു മടങ്ങാന്‍ സാധിച്ചിരുന്നില്ലെന്ന് അലക്‌സാണ്ടര്‍ പറയുന്നു. വ്യക്തിവിവരങ്ങള്‍ ചോദിച്ച ശേഷം തന്നോട് സമീപത്തെ സെമിത്തേരിയില്‍ പോയി ഇരിക്കാന്‍ ആവശ്യപ്പെട്ടു. സെമിത്തേരിയില്‍ നിന്ന് സെല്‍ഫിയെടുത്ത് അയച്ചു നല്‍കാനും നിര്‍ദേശിച്ചു. ഇതുപ്രകാരം സമീപത്തെ അക്കാരിവട്ടം സെമിത്തേരിയില്‍ പോയി ഫോട്ടോ അയച്ചു. നിത്യേന പ്രേത സിനിമകള്‍ കാണാനും നിര്‍ദേശിച്ചു. ഗെയിം കളിക്കുന്നയാളുടെ ഭയം ഇല്ലാതാക്കുകയായിരുന്നു ഇത്തരം നിര്‍ദേശങ്ങളിലൂടെ അഡ്മിന്‍ ലക്ഷ്യമിട്ടതെന്ന് അലക്‌സാണ്ടര്‍ പറയുന്നു.