X

കേരളീയരുടെ മദ്യാസക്തി ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍

മുഹ്‌സിന്‍ ടി.പി.എം പകര

കേരളത്തെ മദ്യ മുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍.ഡി.എഫ് മുന്നണിയെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫിന്റെ പ്രചാരണം. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കുമെന്നും മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കുമെന്നും പ്രകടനപത്രികയിലടക്കം വാഗ്ദാനം നല്‍കിയാണ് എല്‍.ഡി.എഫ് 2016 ല്‍ അധികാരത്തില്‍ വരുന്നത്. 2021 ലെ പ്രകടന പത്രികയില്‍ മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കുമെന്ന് അടിവരയിട്ട് സൂചിപ്പിക്കുകയും ചെയ്താണ് വീണ്ടും ഇടതുമുന്നണി അധികാരത്തില്‍ എത്തുന്നത്.

എന്നാലിപ്പോള്‍ നാടുനീളെ മദ്യം സുലഭമായി ഒഴുക്കാനുള്ള ശ്രമത്തിലാണ് ഇടതു സര്‍ക്കാര്‍. ഒടുവില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റുകളില്‍ വരെ മദ്യമൊഴുക്കാനുള്ള നീക്കം ആരംഭിച്ചുകഴിഞ്ഞു. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കണമെന്ന കേരള ഹൈക്കോടതി വിധിയുടെ ചുവടുപിടിച്ച് കെ.എസ്.ആര്‍.ടി.സി മുന്നോട്ട്‌വെച്ച നിര്‍ദ്ദേശമാണ് തങ്ങളുടെ കെട്ടിടങ്ങള്‍ ബീവറേജസ് കോര്‍പറേഷന്റെ ഔട്‌ലെറ്റുകള്‍ക്കായി നല്‍കാമെന്നത്. ടിക്കറ്റിതര വരുമാന മാര്‍ഗങ്ങളെക്കുറിച്ച് കെ.എസ്. ആര്‍.ടി.സി സജീവമായി ആലോചിച്ചതിന്റെ ഫലമാണ് ഇത്തരത്തിലുള്ള തീരുമാനത്തില്‍ കലാശിച്ചത്. ഗതാഗത മന്ത്രിയുടെ പ്രസ്താവന വന്നയുടനെ കെ.എസ്.ആര്‍.ടി.സി കെട്ടിടങ്ങളില്‍ സാധ്യതാപഠനങ്ങള്‍ ബീവറേജസ് കോര്‍പറേഷന്‍ തുടങ്ങിക്കഴിഞ്ഞു.

കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. മറ്റ് ഉത്പന്നങ്ങള്‍ പോലെ മദ്യത്തേയും കേരളം ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പരമാവധി പാലിച്ച് നടത്തിയ ഈ വര്‍ഷത്തെ ഓണാവധിക്ക് കേരളം കുടിച്ചു തീര്‍ത്തത് 750 കോടി രൂപയുടെ വിദേശ മദ്യമാണ്. ഉത്രാട ദിനത്തില്‍ മാത്രം 85 കോടിയുടെ വിദേശ മദ്യം വിറ്റെന്ന് ബെവ്‌കോ പറയുന്നു. വിറ്റ മദ്യത്തിന്റെ 70 ശതമാനവും ബെവ്‌കോ ഔട്‌ലെറ്റുകള്‍ വഴിയും 30 ശതമാനം സംസ്ഥാനത്തെ ബാറുകള്‍ വഴിയുമാണ്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് കോവിഡ് നിയന്ത്രണങ്ങള്‍ കേരളീയരുടെ മദ്യാസക്തിയെ ശമിപ്പിക്കാന്‍ പര്യാപ്തമായില്ലെന്നാണ്. മദ്യം വാങ്ങുന്നവര്‍ നേരിട്ട് സര്‍ക്കാറിന്റെ ഖജനാവ് നിറക്കുന്നതിനാല്‍ സാധാരണ ജനങ്ങളെ അലട്ടുന്ന നിയന്ത്രണങ്ങള്‍ ബീവറേജസിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവരെ അലട്ടിയിരുന്നില്ല. കോടതിയും മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാത്തതിന് സര്‍ക്കാറിനെ ശാസിച്ചത് മദ്യം വാങ്ങാനെത്തുന്നവരില്‍ വീരപരിവേശം തീര്‍ത്തിട്ടുണ്ടാവുമെന്ന് വില്‍പ്പനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ ജനസഖ്യയുടെ നാല് ശതമാനം ജനങ്ങളാണ് കേരളത്തിലുള്ളത്. പക്ഷേ മദ്യ ഉപയോഗത്തിന്റെ 16 ശതമാനത്തിലധികവും കേരളത്തിന്റെ സംഭാവനയാണ്. 300 ആളുകളില്‍ ഒരാള്‍ എന്നത് 20 ല്‍ ഒരാള്‍ എന്നായിരിക്കുന്നു കേരളത്തിലെ അനുപാതം. ലഹരി വര്‍ജ്ജനത്തിന് വൈരുദ്ധ്യാധിഷ്ഠിത സമീപനമാണെങ്കിലും വര്‍ഷം പ്രതി 65 കോടിയിലധികം രൂപ ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിക്കാന്‍ വിമുക്തി മിഷന്‍ വഴി സര്‍ക്കാര്‍ ചിലവിടുന്നു. മതയുവജന സംഘടനകളും ലഹരി വിരുദ്ധ സംഘടനകളും ആവശ്യത്തിലധികം ബോധവത്കരണം നടത്തുന്ന കേരളത്തില്‍ ആളോഹരി മദ്യപാനം 8.3 ലിറ്ററാണ്. ദേശീയ ശരാശരി 3.5 ലിറ്ററാണെന്നോര്‍ക്കണം. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വിദേശ മദ്യത്തിന്റെ 16 ശതമാനവും കുടിച്ചുതീര്‍ക്കുന്നത് രാജ്യത്തെ ജനസംഖ്യയില്‍ നാല് ശതമാനം മാത്രം വരുന്ന കേരളീയരാണ്.

മദ്യപാന ജന്യ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന ഹതഭാഗ്യര്‍ ചിലവഴിക്കുന്നത് കോടികളാണ്. കാന്‍സറും ലിവര്‍ സിറോസിസുമടക്കമുള്ള മാരക രോഗങ്ങള്‍ക്ക് അടിപ്പെട്ട് മരണമടയുന്നവരുടെ എണ്ണവും വര്‍ധിച്ച്‌വരുന്നു. കുടുംബ ശൈഥില്യങ്ങള്‍ സാമൂഹ്യ വിഷയമായി പരിണമിക്കുന്നു. മനുഷ്യ വിഭവ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കാനാവുന്നില്ല. മദ്യപിച്ച് വാഹനമോടിച്ച് നിരത്തില്‍ പൊഴിയുന്ന ജീവനുകളും നഷ്ടങ്ങളെണ്ണുമ്പോള്‍ കണക്കില്‍ ഉള്‍പ്പെടുത്തണം. ഭാവി തലമുറയില്‍ മദ്യവും മദ്യേതര ലഹരിയും വലിയ സ്വാധീനമാവുന്നതും കാണാതിരിക്കാനാവില്ല. അതിവേഗം ഖജനാവിലേക്കൊഴുകുന്ന സമ്പത്തല്ല മനുഷ്യ വിഭവശേഷിയെങ്കിലും സുസ്ഥിര വികസനത്തിന്റെ അപദാനങ്ങള്‍ ആലപിക്കുമ്പോള്‍ ആവശ്യമായ പ്രധാന ഘടകമാണ്. മദ്യത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ കോടികളായിരിക്കും യഥാര്‍ത്ഥ നഷ്ടം. മദ്യ നിരോധനം വഴിയുണ്ടാകുന്ന വരുമാന നഷ്ടം ഇഛാശക്തിയുള്ള സര്‍ക്കാറിന് നികത്താന്‍ സാധിക്കും. പക്ഷേ മദ്യപാനമൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ അപരിഹാര്യമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

മദ്യാസക്തിയെ സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നു എന്ന് വേണം നിരീക്ഷിക്കാന്‍. മദ്യവര്‍ജ്ജനം നയമായി സ്വീകരിച്ച സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലാത്ത നിലപാടുകളുമായാണ് മുന്നോട്ട്‌പോകുന്നത്. മദ്യം ബലഹീനതയായിമാറിയവരെ സമയവും സാഹചര്യവും നോക്കാതെ ചൂഷണംചെയ്യുന്ന സര്‍ക്കാറിന് മനസ്സാക്ഷി നഷ്ടപ്പെട്ടിരിക്കുന്നു. മദ്യ നിയന്ത്രണത്തിനും ലഭ്യത കുറക്കുന്നതിനും ചെറുവിരല്‍ പോലും അനക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യ ശാലകള്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയുടെ താല്‍പര്യങ്ങളെ പോലും അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികാലും ആശ്രയിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ പരിസരം സാമൂഹ്യദ്രോഹികളുടെ താവളമാകുമെന്നതില്‍ സംശയമില്ല. നമ്മുടെ സാമൂഹ്യ തിന്മകളുടെ കണക്കുകളെടുക്കുമ്പോള്‍ മദ്യത്തിന്റെ സംഭാവന 80 ശതമാനത്തിലധികമാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരില്‍ 95 ശതമാനവും മദ്യം സേവിക്കുന്നവരാണ്. ഫലത്തില്‍ കെ.എസ്. ആര്‍.ടി.സിയെ ലാഭത്തിലേക്ക് ഉയര്‍ത്താനുതകില്ല സര്‍ക്കാറിന്റെ ഈ തീരുമാനം. കെ.എസ്. ആര്‍.ടി.സി എന്ന പൊതു ഇടത്തെ ആശ്രയിച്ചിരുന്നവരുടെ കൊഴിഞ്ഞ്‌പോക്കിന് സര്‍ക്കാറിന്റെ നിലപാട് ഇടവരുത്തും.
ലോകാരോഗ്യ സംഘടനയടക്കമുള്ള ഏജന്‍സികളും നിരവധി മെഡിക്കല്‍ ജേര്‍ണലുകളും ശാസ്ത്രീയമായ പഠനത്തിന്റെ വെളിച്ചത്തില്‍ സൂചിപ്പിക്കുന്നത് മദ്യം ശരീരത്തിന്റെ പ്രതിരോധ ശക്തി ക്ഷയിപ്പിക്കുമെന്നാണ്. കോവിഡ് വൈറസിന്റെ വ്യാപനം തടയാന്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നത് ഗുണകരമാവുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ആരോഗ്യ രംഗത്തെ വിദഗ്ധരും ഇതേ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. മദ്യം യഥേഷ്ടം ലഭ്യമാക്കുന്ന സര്‍ക്കാര്‍ നിലപാടിലെ ഇരട്ടാത്താപ്പ് വിമര്‍ശന വിധേയമാക്കാന്‍ പൊതുസമൂഹം രംഗത്ത്‌വരണം. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം സര്‍ക്കാറിനെതിരെ കേരള ഹൈക്കോടതി കേസെടുക്കണം. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം നികത്താന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസുമായി ധാരണയുണ്ടാക്കിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഭാഷ്യം കേരളീയ കുടുംബാന്തരീക്ഷത്തോടുള്ള വെല്ലുവിളിയാണ്. മാത്രമല്ല കെ.എസ്.ആര്‍.ടി.സി നേരിടുന്ന നഷ്ടത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്.

മുഹ്‌സിന്‍ ടി.പി.എം പകര

(ലഹരി നിര്‍മ്മാര്‍ജ്ജന യുവജന സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടാണ് ലേഖകന്‍)

 

 

Test User: