2034ല്‍ സൗദി അറേബ്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പ് ഫുട്ബാളില്‍ മദ്യം അനുവദിക്കില്ലെന്ന് സൗദി അറേബ്യന്‍ അംബാസഡര്‍. യു.കെ.യിലെ സൗദി അറേബ്യന്‍ അംബാസഡര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ സഊദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റേഡിയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി ഒരിടത്തും മദ്യം ലഭ്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ടൂര്‍ണമെന്റില്‍ ആല്‍ക്കഹോള്‍ അനുവദിക്കില്ല. മദ്യത്തിന്റെ ലഹരിയില്ലാതെ തന്നെ ഫുട്ബാളിന്റെ അങ്ങേയറ്റത്തെ ലഹരി ആസ്വദിക്കാമല്ലോ. ആള്‍ക്കഹോള്‍ ഇല്ലാതെയും ഒരുപാട് ആസ്വാദനം സാധ്യമാണ്. അത് ഒഴിച്ചുകൂടാനാവാത്ത ഒന്നേയല്ല. മദ്യപിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഇവിടം വിട്ടശേഷം ആകാം. ഞങ്ങള്‍ അത് അനുവദിക്കില്ല. എല്ലാവര്‍ക്കും അവരുടേതായ സംസ്‌കാരമു?ണ്ട്. ഞങ്ങളുടെ മഹത്തായ സംസ്‌കാരത്തിനുള്ളില്‍നിന്നുകൊണ്ട് ഭൂമിയിലെ മുഴുവന്‍ ജനങ്ങളെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അങ്ങേയറ്റത്തെ സന്തോഷമേയുള്ളൂ. മറ്റാര്‍ക്കെങ്കിലും വേണ്ടി ആ സംസ്‌കാരത്തെ മാറ്റിമറിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ചോദിക്കുന്നത്, ‘ശരിക്കും മദ്യമില്ലാതെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നുണ്ടോ?’ എന്നാണ്’ -അമീര്‍ ഖാലിദ് വിശദീകരിച്ചു.
2034ലെ ലോകകപ്പ് സൗദി അറേബ്യയില്‍ വെച്ചായിരിക്കുമെന്ന് ഫിഫ ഡിസംബര്‍ 11ന് പ്രഖ്യാപിച്ചിരുന്നു. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബ്ഹ, നിയോം എന്നീ അഞ്ചു നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളിലായാവും സൗദിയിലെ ലോകകപ്പ് നടക്കുക.