X

ലോകകപ്പിലെ മദ്യനിരോധനം; സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരെന്ന് ദ ടൈംസ് റിപ്പോര്‍ട്ട്

ഖത്തര്‍ ലോകകപ്പലെ മധ്യനിരോധനം കളി ആരാധകരായ വനിതകള്‍ക്ക് കുടുതല്‍ സുരക്ഷ നല്‍കുന്നെന്ന് ദ ടൈംസ് റിപ്പോര്‍ട്ട്. മദ്യപാനികളുടെ ശല്യമില്ലാതെ കളി ആസ്വദിക്കാന്‍ കഴിയുന്നതായും വനിതാ കളി പ്രേമികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായി. സ്വരാഷ്ട്രങ്ങളിലേതിനേക്കാള്‍ സുരക്ഷയാണ് ഖത്തര്‍ നല്‍കുന്നതെന്ന് വനിതാ ആരാധകര്‍ ടൈംസിനോടു പറഞ്ഞു. സ്‌റ്റേഡിയത്തില്‍ മദ്യം നിരോധിച്ച തീരുമാനത്തിനെതിരെ യൂറോപ്യന്‍ ആരാധകര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്ന വേളയിലാണ് ലണ്ടന്‍ ആസ്ഥാനമായ അന്താരാഷ്ട്ര മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്.

ഹെര്‍ ഗെയിം ടൂ (കളി അവളുടേത് കൂടിയാണ്) എന്ന ക്യാംപയിന്‍ നടത്തുന്ന ബ്രിട്ടീഷ് ഫുട്‌ബോള്‍ ആരാധിക എല്ലി മോളോസണ്‍ പറഞ്ഞ വാക്കുകള്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. ‘ഇവിടേക്ക് (ഖത്തറില്‍) വരികയെന്നത് എന്റെ സംവിധാനത്തില്‍ വലിയ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. എന്നാലിവിടെ ചൂളമടിയോ, യാതൊരു തരത്തിലുള്ള ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളോ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. ഇവടുത്തെ അനുഭവം മറ്റൊന്നായിരിക്കും എന്നായിരുന്നു മുന്‍ധാരണ. എന്നാല്‍ യാഥാര്‍ത്ഥ്യം ഇംഗ്ലണ്ടില്‍ അനുഭവിച്ചതു പോലുള്ള ഒരു ഉപദ്രവവും ഇവിടെ ഏല്‍ക്കേണ്ടി വന്നില്ല എന്നതാണ്. ഇവിടത്തേത് വിസ്മയകരമായ അനുഭവമാണ്. അതെങ്ങനെ സാധിച്ചു എന്നറിയില്ല.’ 19കാരിയായ എല്ലി മോളോസണ്‍ പറയുന്നു.

എല്ലി മോളോസനും അച്ഛന്‍ ആഡമുമാണ് കളി കാണാനെത്തിയിട്ടുള്ളത്. ഖത്തറിന്റെ വരവേല്‍പ്പില്‍ അദ്ദേഹവും സന്തുഷ്ടനാണെന്ന് വ്യക്തമാക്കി. ‘എല്ലിയുടെ കാര്യങ്ങള്‍ നോക്കാനാണ് ഞാന്‍ സത്യത്തില്‍ വന്നത്. തുറന്നു പറയട്ടെ, എനിക്കതിന്റെ ആവശ്യമുണ്ടായിട്ടില്ല’ അധ്യാപകനായ 49കാരന്‍ പറയുന്നു.

ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ആരാധിക ജോ ഗ്ലോവറാണ്. ചെല്‍സി ആരാധികയാണ് ജോ ഗ്ലോവര്‍. അവര്‍ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പുമായി ഖത്തറിനെ താരതമ്യം ചെയ്തു പറഞ്ഞത് ഇങ്ങനെയാണ്. ‘ഇവിടത്തെ അന്തരീക്ഷം വംശീയമല്ല. ഓരോരുത്തലും അവരുടെ ടീമിന്റെ നിറമണിയുന്നു. വഴക്കൊന്നുമില്ല.’

മദ്യവില്‍പ്പന വേണ്ടെന്നു വയ്ക്കാനുള്ള രാജകുടുംബത്തിന്റെ തീരുമാനം സ്‌റ്റേഡിയത്തിലെ വൈരാന്തരീക്ഷം കുറയ്ക്കാന്‍ സഹായകരമായെന്നാണ് നിരവധി വനിതാ ആരാധകര്‍ പറഞ്ഞതായി ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ലോകകപ്പ് ആരംഭിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പാണ് സ്‌റ്റേഡിയത്തില്‍ ബീര്‍ ഉള്‍പ്പെടെയുള്ള ലഹരിപാനീയങ്ങള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. ബീര്‍ നിരോധനം മൂലം 40 ദശലക്ഷം പൗണ്ടിന്റെ ഭീമമായ നഷ്ടമാണ് ഫിഫയ്ക്കുണ്ടാകുക.

മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കേണ്ട സാഹചര്യമില്ലെന്ന് യുകെ ഫുട്‌ബോള്‍ പൊലീസിങ് ചീഫ് കോണ്‍സ്റ്റബ്ള്‍ മാര്‍ക് റോബര്‍ട്‌സ് ദ ടൈംസിനോടു പ്രതികരിച്ചു. ‘ഇവിടത്തെ അന്തരീക്ഷം ഒരേസമയം വികാര ഭരിതവും സൗഹൃദ പൂര്‍ണവുമാണ്. ഇവിടെ മദ്യമില്ല. എന്നാലും മികച്ച അന്തരീക്ഷമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിലെ അന്തരീക്ഷം മികച്ചതാണെന്ന് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളര്‍ ലിയാനെ സാന്‍ഡേഴ്‌സണും അഭിപ്രായപ്പെട്ടിട്ടുണ്ട്.

Test User: