മോസ്‌കോ: സ്വിറ്റ്‌സര്‍ലാന്റും സെര്‍ബിയയും തമ്മില്‍ രാഷ്ട്രീയ നയതന്ത്ര പ്രശ്‌നങ്ങളൊന്നും നിലവിലില്ല. എന്നാല്‍ ഇന്നലത്തെ ലോകകപ്പ് മത്സരം കഴിഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധനത്തിന് വിള്ളല്‍ വീണിരിക്കുകയാണ്. സെര്‍ബിയക്കെതിരെ ഗോളടിച്ച് സ്വിറ്റ്‌സര്‍ലാന്റ് താരങ്ങള്‍ നടത്തിയ ആഹ്ലാദപ്രകടനമാണ് ലോകകപ്പ് ഫുട്‌ബോളില്‍ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടത്.
സ്വിറ്റ്‌സര്‍ലാന്റിനു വേണ്ടി ഗോളുകള്‍ നേടിയ ഷെര്‍ദാന്‍ ഷഖീരിയും ഗ്രാനിറ്റ് ഷാക്കയും ആഹ്ലാദത്തിനിടെ പ്രദര്‍ശിപ്പിച്ച അടയാളങ്ങളാണ് വിവാദമായത്. ഗോളടിച്ച ശേഷം നെഞ്ചില്‍ കൈകള്‍ കുറുകെയും പെരുവിരലുകള്‍ കോര്‍ത്തും വെച്ച ശേഷമായിരുന്നു ഇരുവരുടെയും ആഘോഷം. അല്‍ബേനിയയുടെ ഇരട്ടത്തലയുള്ള പരുന്തിനെയാണ് കൊസോവന്‍ വംശജരായ ഷഖീരിയും ഷാക്കയും പ്രദര്‍ശിപ്പിച്ചത്.
രണ്ട് പെരുവിരലുകളെ പരുന്തിന്റെ ഇരട്ടതലകളായി ചിത്രീകരിച്ചാണ് ഇരുവരും ആരാധകരോട് ആഹ്ലാദം പങ്കിട്ടത്. എന്നാല്‍ ഇത് സെര്‍ബിയയെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. 2008ല്‍ തങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ കൊസോവയെന്ന പഴയ പ്രവിശ്യയെ സെര്‍ബിയ ഇതുവരെ അംഗീകരിച്ചിട്ടില്ല. 1998, 1999 കാലയളവില്‍ നടന്ന കൊസോവ യുദ്ധത്തിന്റെ ദുരിതമുഖം ഇനിയും മാറിയിട്ടുമില്ല.
ഷഖീരിയുടെയും സ്വിസ് ടീമിലെ മറ്റൊരംഗമായ വാലണ്‍ ബെഹ്‌റാമിന്റെയും കുടുംബത്തിന് ഈ യുദ്ധത്തില്‍ നഷ്ടങ്ങള്‍ മാത്രമായിരുന്നു. യുദ്ധാനന്തരം അന്ന് എല്ലാം നഷ്ടപ്പെട്ട രണ്ടു ലക്ഷം സെര്‍ബിയക്കാരാണ് സ്വിറ്റ്‌സര്‍ലാന്റ് ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം പ്രാപിച്ചത്. ഷാക്കയുടെ കുടുംബമാവട്ടെ ജന്മനാ കൊസോവ വംശജരാണ്. അല്‍ബേനിയന്‍ പാരമ്പര്യമുള്ള ഷാക്കയുടെ സഹോദരന്‍ നിലവില്‍ കൊസോവ ദേശീയ ടീമില്‍ അംഗവുമാണ്.
ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് സെര്‍ബിയക്കെതിരായ ജയം കൊസോവയുടെ അടയാളം തന്നെ കാട്ടി സ്വീസ് താരങ്ങള്‍ ആഘോഷമാക്കിയത്. താരങ്ങളുടെ നീക്കം പകപോക്കലാണെന്നാണ് സെര്‍ബിയന്‍ ആരാധകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ സെര്‍ബിയന്‍ താരങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഒന്നും പറയാനില്ലെന്നായിരുന്നു സെര്‍ബിയന്‍ കോച്ച് ലാദന്‍ കൃസ്റ്റജിക് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ താന്‍ ഡീല്‍ ചെയ്യാറില്ലെന്നും കായികമേഖലയുമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ് താനെന്നും അതിനാല്‍ അത്തരം കാര്യങ്ങളെക്കുറിച്ച് താന്‍ ബോധവാനല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഷ്ട്രീയവും ഫുട്‌ബോളും കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്ന് സ്വിറ്റ്‌സര്‍ലാന്റ് കോച്ച് വഌദിമിര്‍ പെറ്റ്‌കോവിക് പറഞ്ഞു.
കൊസോവയെ സംബന്ധിച്ച വിവാദം മത്സരത്തിനു മുമ്പ് തന്നെ റഷ്യയില്‍ നിഴലിച്ചിരുന്നു. ഇടതുബൂട്ടില്‍ സ്വിസ് പതാക തുന്നിച്ചേര്‍ത്ത ഷഖീരി വലതു കാലില്‍ കൊസോവയുടെ പതാക തുന്നിച്ചേര്‍ത്ത ബൂട്ട് ധരിച്ചാണ് കളിക്കിറങ്ങുകയെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകയും ചെയ്തു. എന്നാല്‍ കൊസോവയോട് അത്രയും സ്‌നേഹമാണെങ്കില്‍ അവര്‍ക്കുവേണ്ടി ഷഖീരി കളിക്കാത്തത് എന്തുകൊണ്ടാണെന്ന് സെര്‍ബിയന്‍ താരം മിത്രോവിച്ച് നേരത്തെ ചോദിച്ചിരുന്നു.
സ്വിറ്റ്‌സര്‍ലാന്റിനെതിരെ മത്സരത്തിനു മുമ്പ് തന്നെ സെര്‍ബിയക്കാരും കൊസോവ വംശജരും തമ്മില്‍ സംഘര്‍ഷസാധ്യതയുണ്ടായിരുന്നു. ഇത് കലാപമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇതിനിടെയാണ് ഷഖീരിയുടെയും ഷാക്കയുടെ രാഷ്ട്രീയം ഓര്‍മിപ്പിച്ചു കൊണ്ടുള്ള ആഘോഷം നടന്നത്.