X

വാളയാര്‍; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

വാളയാര്‍ പീഡനക്കേസില്‍ സഹോദരിമാരുടെ ദുരൂഹ മരണത്തിലെ അന്വേഷണത്തിന്റെ വീഴ്ച ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി സ്പീക്കര്‍. അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിടി ബല്‍റാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ഇതോടെ നിയമസഭയില്‍ ബഹളംവെച്ച പ്രതിപക്ഷം കേസിലെ അട്ടിമറി ആരോപിച്ച് ഇറങ്ങിപ്പോയി.

അന്വേഷണത്തിന്റെ വീഴ്ച സഭയില്‍ ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യമാണ് സ്പീക്കര്‍ നിരാകരിച്ചത്. പാലക്കാട് മുന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായതും അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തരപ്രമേയ നോട്ടീസ്.

വാളയാര്‍ കേസ് നിയമസഭയില്‍ മുമ്പ് ചര്‍ച്ച ചെയ്തതാണെന്നും പുതിയതായൊന്നും സംഭവിച്ചിട്ടില്ലെന്നും അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്നുമായിരുന്നു സ്പീക്കര്‍ വിശദീകരണം നല്‍കിയത്.

എന്നാല്‍ ദിവസം തോറും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്ന സാഹചര്യമാണെന്ന് പ്രതിപക്ഷം പറഞ്ഞു. നിരവധി വിഷയങ്ങള്‍ ഒരേ കാര്യം നിരവധി തവണ ചര്‍ച്ചക്ക് എടുത്തതാണെന്ന് ഓര്‍മ്മിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് പരിഗണനക്ക് എടുക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ നിരാകരിക്കുയായിരുന്നു. തുടര്‍ന്ന് സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നിലും ബഹളമുണ്ടാക്കി. പ്ലക്കാര്‍ഡും ബാനറുമായി സ്പീക്കര്‍ക്ക് മുന്നില്‍ പ്രതിഷേധിച്ച അംഗങ്ങള്‍ പിന്നീട് പ്രതിഷേധ സൂചകമായി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോക്കും നടത്തി.

കേസ് അട്ടിമറിക്ക് കൂടുതല്‍ വിവരങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

chandrika: