ന്യൂയോര്‍ക്ക്: യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ ഉട്ക്യാഗ്വിക്കിലെ ജനങ്ങള്‍ ഈ വര്‍ഷത്തെ സൂര്യനെ ബുധനാഴ്ച അവസാനമായി കണ്ടു. ഇനി രണ്ടു മാസത്തിനു ശേഷമേ നഗരത്തിലേക്ക് സൂര്യപ്രകാശമെത്തൂ. അടുത്ത വര്‍ഷം ജനുവരിയോടെ. അപ്പോള്‍ ആരെല്ലാം ഉണ്ടാകുമോ ആവോ, ആര്‍ക്കറിയാം?
ഏതായും നഗരത്തിലെ 4300 ഓളം തദ്ദേശവാസികള്‍ക്ക് ഇനി മുഴുവന്‍ രാത്രിയാണ്. ഉത്തര ധ്രുവമേഖലയില്‍ സ്ഥിതി ചെയ്യുന്ന നഗരത്തില്‍ ‘പോളര്‍ നൈറ്റ്’ തുടങ്ങിയതോടെയാണ് ഈ സ്ഥിതി. 24 മണിക്കൂറിലധികം തുടര്‍ച്ചയായി രാത്രി അനുഭവപ്പെടുന്നതിനെയാണു പോളര്‍ നൈറ്റ് എന്നു വിളിക്കുന്നത്.
എല്ലാ വര്‍ഷവും ശൈത്യകാലത്ത് ഈ പ്രതിഭാസം ഉണ്ടാകും. സൂര്യനില്ലെങ്കിലും പകല്‍സമയത്ത് സന്ധ്യയുടേതിന് സമാനമായ അരണ്ട പ്രകാശമുണ്ടാകും. ഉത്തര, ദക്ഷിണ ധ്രുവങ്ങളില്‍ ഇതു സാധാരണമാണ്.
ഏതായാലും രണ്ടു മാസം നീണ്ട രാത്രിയാമങ്ങള്‍ അവസാനിക്കുമ്പോഴേക്കും യുഎസില്‍ ട്രംപ് യുഗം കഴിഞ്ഞിട്ടുണ്ടാകും. രാജ്യത്തിന്റെ 46-ാമത്തെ പ്രസിഡണ്ട് ആയി ജോ ബൈഡന്‍ ജനുവരി 20നാണ് അധികാരമേല്‍ക്കുക. നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചതു പ്രകാരം ഉട്ക്യാഗിക്കില്‍ സൂര്യന്‍ എത്തുന്നത് ജനുവരി 23നും!
66 ദിവസമാണ് നഗരത്തില്‍ നിന്ന് സൂര്യന്‍ അവധിയെടുക്കുന്നത്. ഇതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ തദ്ദേശവാസികള്‍ ആരംഭിച്ചതായി യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.