X
    Categories: indiaNews

കോവിഡില്‍ മോദിയുടെ ഗുജറാത്ത് വിശന്നുറങ്ങി! ഞെട്ടിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

അഹമ്മദാബാദ്: കോവിഡ് മഹാമാരിയില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണില്‍ ഗുജറാത്ത് അതീവഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിട്ടിരുന്നതായി ഹംഗര്‍ വാച്ച് സര്‍വേ. അന്ന സുരക്ഷ അധികാര്‍ അഭിയാന്‍ (എഎസ്എഎ) എന്ന സംഘടനയാണ് വ്യവസായ സംസ്ഥാനമായി അറിയപ്പെടുന്ന ഗുജറാത്തിന്റെ മറ്റൊരു മുഖം പുറത്തു കൊണ്ടുവന്നത്. സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാരില്‍ 21.8 ശതമാനം പേര്‍ രാത്രി ഭക്ഷണം കഴിക്കാതെയാണ് ഉറങ്ങിയത് എന്ന് സര്‍വേ വെളിപ്പെടുത്തുന്നു.

ഭക്ഷണം ഇല്ലാത്തതു മൂലം 20.6 ശതമാനം വീട്ടുകാര്‍ ഒരു നേരത്തെ ഭക്ഷണം വേണ്ടെന്നു വച്ചിരുന്നു. ഭക്ഷ്യവസ്തുക്കളുടെ ഉപയോഗത്തിലും വന്‍ കുറവാണ് രേഖപ്പെടുത്തിയത് എന്ന് സര്‍വേ പറയുന്നു. അഹമ്മദാബാദ്, ആനന്ദ്, ഭറൂച്, ഭാവ്‌നഗര്‍, ദഹോദ്, മോര്‍ബി, നര്‍മദ, പഞ്ച്മഹല്‍സ്, വഡോദര എന്നീ ഒമ്പത് ജില്ലകളിലാണ് സര്‍വേ നടത്തിയത്.  സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായിരുന്നു സര്‍വേ.

ഇക്കാലയളവില്‍ കുടുംബങ്ങള്‍ അവരുടെ റേഷന്‍ കാര്‍ഡുകള്‍ വേണ്ട പോലെ ഉപയോഗിച്ചില്ല. അതേക്കുറിച്ച് അധികൃതര്‍ കുടുംബങ്ങളെ അറിയിച്ചില്ല. ഇതില്‍ മിക്കവരും പിന്നാക്ക സമുദായങ്ങളാണ്- സര്‍വേ പറയുന്നു.

ഗുജറാത്തിലെ ദാരിദ്രത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് സര്‍വേ റിപ്പോര്‍ട്ട് എന്ന് അഹമ്മദാബാദ് ഐഐഎമ്മിലെ പ്രൊഫസര്‍ സെബാസ്റ്റ്യന്‍ മോറിസ് ചൂണ്ടിക്കാട്ടുന്നു.

Test User: