ജറൂസലം: മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെയുണ്ടായ ഇസ്രാഈല്‍ സൈന്യത്തിന്റെ അതിക്രമം മൂന്നാം ദിവസവും തുടര്‍ന്നു. മസ്ജിദില്‍ അതിക്രമിച്ച് കയറിയ സൈന്യം റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിയുതിര്‍ത്തും കണ്ണീര്‍ വാതകം പ്രയോഗിച്ചും ഗ്രനേഡ് പൊട്ടിയ്യും അക്രമം അഴിച്ചു വിട്ടു. 215 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാലുപേരുടെ നില ഗുരുതരമെന്ന് ഫലസ്തീന്‍ റെഡ്ക്രസന്റ് അറിയിച്ചു. മസ്ജിദിലെത്തിയവര്‍ക്ക് നേരെ സൈന്യം കായികമായ ഉപദ്രവവും ഏല്‍പിച്ചു. പരിക്കറ്റവരില്‍ നാല് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഇന്നലെ കിഴക്കന്‍ ജറുസലമിലൂടെ ജൂത കുടിയേറ്റക്കാരുടെ മാര്‍ച്ച് ഉണ്ടായിരുന്നു. എന്നാല്‍ സൈനിക അതിക്രമം നടന്നതിന് പിന്നാലെ ഇതൊഴിവാക്കിയിരുന്നു. 1967 ല്‍ കിഴക്കന്‍ ജറുസലം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ജുതന്‍മാര്‍ പ്രകടനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ സൈനിക അതിക്രമത്തില്‍ 200 ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
കിഴക്കന്‍ ജറൂസലം സമ്പൂര്‍ണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്റെ ഭാഗമായി അല്‍ അഖ്‌സ മസ്ജിദിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ശൈഖ് ജര്‍റാഹ് പ്രദേശത്തെ താമസക്കാരെ കുടിയിറക്കാനുള്ള ഇസ്രാഈലിന്റെ ശ്രമമാണ് വീണ്ടും ഫലസ്തീനെ സംഘര്‍ഷഭൂമിയാക്കിയത്. ഇസ്രാഈല്‍ നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാണ്. ഇതിന്റെ ഭാഗമായി ശൈഖ് ജര്‍റാഹിലുള്ള താമസക്കാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ഫലസ്തീനികള്‍ സംഘടിച്ചിരുന്നു. ഇവര്‍ക്ക് നേരെയാണ് ഇസ്രാഈല്‍ സേന അക്രമം അഴിച്ചുവിട്ടത്.
വിശ്വാസികളുടെ ചെറുത്ത് നില്‍പ് ശക്തമായതിനെ തുടര്‍ന്ന് മസ്ജിദ് കോംപൗണ്ടില്‍ നിന്നും സൈന്യം പിന്‍മാറിയിരുന്നു. തുടര്‍ന്ന് വിശ്വാസികള്‍ പള്ളിയും പരിസരവും വൃത്തിയാക്കി. ജറുസലമില്‍ ശക്തമായ സൈനിക നീക്കത്തിനായിരുന്നു ഇസ്രായീല്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മസ്ജിദുല്‍ അഖ്‌സയില്‍ പതിനായിരങ്ങള്‍ ചെറുത്ത് നില്‍പുമായി സംഘടിച്ചതോടെയാണ് സൈന്യം പിന്‍മാറാന്‍ തയ്യാറായത്.