ആലപ്പുഴ: വലിയമരം ഷോപ്പിംഗ് കോപ്ലക്‌സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിലവിലുള്ള നഗരസഭ മന്ദിരത്തിന് മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്‌കോയയുടെ പേരിടാന്‍ ആലപ്പുഴ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.
ആലിശേരിയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തി മന്ദിരത്തിന് ‘ഇന്ദിരാ ഗാന്ധി ഓള്‍ഡ് ഏജ് ഹോം’ എന്നും നഗരചത്വരത്തിലെ ഓപ്പണ്‍ ഹാളിന് ‘കെ. കരുണാകരന്‍ മെമ്മോറിയല്‍ ഹാള്‍ എന്നും നാമകരണം ചെയ്തതായി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ പ്രഖ്യാപിച്ചു. ഈ പേരുകള്‍ ഇടുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആലപ്പുഴയില്‍ തന്നെയുള്ള നേതാക്കളുടെ പേരുകള്‍ വേണമെന്ന് വാദിച്ചു. എങ്കിലും ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ചെയര്‍മാന്‍ പേരുകള്‍ പാസാക്കുകയായിരുന്നു.
ടൗണ്‍ഹാളില്‍ ടി.വി. തോമസിന്റെ സ്മാരക മന്ദിരം നിര്‍മ്മിക്കണമെന്ന് സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ റമീഷത്ത് ആവശ്യപ്പെട്ടു. ഇത് ഇപ്പോള്‍ അജണ്ടയിലില്ലാത്ത കാര്യമാണന്നും ഇതു സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ പെരുകുന്നതിനെ കുറിച്ച് കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. മുന്‍പ് പഴവീട് ഭാഗത്ത് അനധികൃതമായി തട്ടുകട നടത്തിയിരുന്നയാള്‍ ഇപ്പോള്‍ അത് വില്‍പ്പനക്ക് എന്ന ബോര്‍ഡ് തൂക്കിയിട്ടുണ്ടന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് പരിസരം, കൈതവന, വഴിച്ചേരിപ്പാലം എന്നിവിടങ്ങളിലെല്ലാം കയ്യേറ്റങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ തന്നെ വഴിയോര കച്ചവടക്കാരുടെ തൊഴില്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു