X

ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നാളെ

60-ാമത് വര്‍ഷത്തിലേക്ക് നീങ്ങുന്ന അമ്പലപ്പുഴ വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നാളെ ജനുവരി 21 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രധാന മന്ത്രിയുടെ സ്വാസ്ഥ്യ സുരക്ഷായോജനാപദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പങ്കാളിത്തത്തോടുകൂടി 173.18 കോടി രൂപ അടങ്കലില്‍ നിര്‍മിച്ച പടുകൂറ്റന്‍ 6 നില മന്ദിരമാണ് പണിപൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നത്.

ഉദ്ഘാടനം സംബന്ധിച്ച് ചില വിവാദങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നു. 2012 ല്‍ ഈ മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനായി ഒരു ഗ്യാപ്പ് അനാലിസിസ് അയക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു. സ്വാഭാവികമായും അന്നത്തെ എം.പി ശ്രീ കെ.സി വേണുഗോപാലിന്റെ ശുപാര്‍ശ കത്തും ഒപ്പം ഉണ്ടായിരുന്നു. 2 വര്‍ഷത്തിന് ശേഷം 2014 ല്‍ ഡല്‍ഹിയില്‍ ആരോഗ്യ സെക്രട്ടറി വിളിച്ചുകൂട്ടിയ ചര്‍ച്ചയില്‍ ഈ റിപ്പോര്‍ട്ട് പരിഗണിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര ജോയിന്റ് സെക്രട്ടറി, സംസ്ഥാന ആരോഗ്യ സെക്രട്ടറി ഇളങ്കോവന്‍ ഐ.എ.എസ്, ഇപ്പോഴത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളും അന്നത്തെ നോഡല്‍ ഓഫീസറും ആയിരുന്ന ഡോ. ടി.കെ.സുമ എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അവിടെ 200 ബെഡുകളും 50 ഐ.സി.യു ബഡുകളും 8 ഓപ്പറേഷന്‍ തീയറ്ററുകളും 9 സൂപ്പര്‍ സപെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളും നിര്‍മിക്കാനുള്ള പ്രോജക്ട് അംഗീകരിച്ചു. ആദ്യം 5 നിലയും പിന്നീട് 6 നിലയും നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. 120 കോടി രൂപ കേന്ദ്രവും 30 കോടി സംസ്ഥാനവും വിഹിതമായി നല്‍കണം. കൂടാതെ ഉപകരണങ്ങള്‍ വാങ്ങാനുള്ള പണം സംസ്ഥാനം നല്‍കണം. ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കേന്ദ്രം 120 കോടിയും ഉപകരണങ്ങള്‍ അടക്കം സംസ്ഥാനം 53.18 കോടിയും അടക്കം മൊത്തം 173.18 കോടി രൂപ ചിലവഴിച്ചു.

2015 ഡിസംബര്‍ 19 ന് നിര്‍മ്മാണം ടെണ്ടര്‍ ചെയ്തു. 2016 ജൂണില്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ നല്‍കി. എന്നാല്‍ 2016 ഫെബ്രുവരി 20 ന് തന്നെ ശിലാസ്ഥാപനം നടത്തി. നടത്തിയത് കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ നദ്ദയായിരുന്നു (ഇപ്പോള്‍ ബി ജെ പി പ്രസിഡന്റ്). ആദ്യഘട്ടത്തില്‍ കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരും സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാരും ആയിരുന്നു. 2014 മുതല്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരാണ് . 2016 മെയ് മുതല്‍ കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരുമാണ്. നിര്‍മാണ സമയത്തു ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ആയിരുന്നു.

webdesk12: