X

ആലപ്പുഴ വാഹനാപകടം; വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

ആലപ്പുഴ കളര്‍കോട് കാര്‍ കെഎസ്ആര്‍ടിസിയില്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് നാടും കോളേജും. കാറിലുണ്ടായിരുന്ന അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ബസിലുണ്ടായിരുന്ന നാല് പേര്‍ക്കും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാല്ല.

രാത്രി ഒന്‍പതുമണിയോടെയാണ് അപകടം നടന്നത്. കാര്‍ വന്ന് ഇടിച്ചതിനിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരി ചില്ലിലേക്ക് തെറിച്ചുവീണു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. കാറോടിച്ചിരുന്ന വിദ്യാര്‍ത്ഥിക്കു മാത്രമാണ് അല്പം ബോധമുണ്ടായിരുന്നത്. ഒരാള്‍ തല്‍ക്ഷണം മരിച്ചിരുന്നു. ബാക്കി നാല് പേര്‍ ആശുപത്രിയില്‍ നിന്നാണ് മരിച്ചത്.

ബസ്സിനടിയില്‍ കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. ശക്തമായ മഴയില്‍ കാര്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. അതിവേഗത്തിന് സാധ്യതയുള്ള പ്രദേശമല്ലിതെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.

 

webdesk17: