X

ആലപ്പുഴ വാഹനാപകടം; അപകടത്തില്‍പ്പെട്ട കാറിന്റെ ആര്‍സി റദ്ദാക്കും

ആലപ്പുഴ: ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരിച്ച സംഭവത്തില്‍ അപകടത്തില്‍പ്പെട്ട കാറിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍ സി) റദ്ദാക്കാന്‍ തീരുമാനം. ആലപ്പുഴ ആര്‍ടിഒ ദിലുവിന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ ആര്‍ സി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. കാര്‍ വാടകയ്ക്ക് നല്‍കാന്‍ അനുമതിയില്ലെന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്ന് തെളിഞ്ഞതിനാലാണ് ആര്‍ സി റദ്ദാക്കാന്‍ കത്ത് നല്‍കിയത്.

കത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ അനുസരിച്ച് നടപടികള്‍ സ്വീകരിക്കും. വാഹന ഉടമയ്ക്ക് വിദ്യാര്‍ത്ഥികളുമായി മുന്‍ പരിചയം ഇല്ലെന്നും വാഹനം വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് എടുത്തതാണെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആലപ്പുഴ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

വിദ്യാര്‍ഥികളുമായുള്ള സൗഹ്യദത്തിന്റെ പുറത്ത് വാഹനം കൊടുത്തു എന്നായിരുന്നു കാറിന്റെ ഉടമ ഷാമില്‍ഖാന്‍ ആദ്യം വെളിപ്പെടുത്തിയ്. എന്നാല്‍ റിപ്പോര്‍ട്ട് വന്നതോടെ ഇത് കള്ളമാണ് എന്ന് തെളിഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. അഞ്ച് പേര്‍ തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.

webdesk18: