X

ആലപ്പുഴ വാഹനാപകടം; മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും

ആലപ്പുഴ കളര്‍കോട് കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് കൈമാറും. ഇന്‍ക്വസ്റ്റ് നടപടികള്‍ പുലര്‍ച്ചയോടെ പൂര്‍ത്തിയായി.

ഇന്നലെ രാത്രി 9:45 മണിയോടെ കളര്‍കോട് കെഎസ്ആര്‍ടിസി ബസിലേക്ക് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

വണ്ടാനത്ത് നിന്ന് സിനിമ കാണാന്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒരാള്‍ തല്‍ക്ഷണം മരിച്ചു. നാല് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് ശേഖരപുരം സ്വദേശി ശ്രീദേവ് വത്സന്‍, കണ്ണൂര്‍ മാടായി സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവാനന്ദന്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് പോവുകയിരുന്ന കെഎസ്ആര്‍ടിസി ബസിലേക്കാണ് കാര്‍ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ബസിലുണ്ടായിരുന്ന നാലുപേര്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

 

webdesk17: