ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. അപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെ സംസ്‌കാരം ഇന്ന് നടക്കും. മുഹമ്മദ് അബ്ദുള്‍ ജബ്ബാറിന്റെ സംസ്‌കാരം കണ്ണൂര്‍ വേങ്ങരയിലും ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ സംസ്‌കാരം എറണാകുളം ടൗണ്‍ ജുമാ മസ്ജിദിലും നടക്കും. ശ്രീദീപിന്റെ സംസ്‌കാരം പാലക്കാട് ശേഖരീപുരത്ത് വെച്ചും നടക്കും. ആയുഷ് ഷാജിയുടെ സംസ്‌കാരം നാളെ കാവാലത്തും നടക്കും. ദേവനന്ദന്റെ സംസ്‌കാരം നാളെ കോട്ടയം പാലായിലെ കുടുംബവീട്ടിലായിരിക്കും.
ഇന്നലെ രാത്രിയായിരുന്നു ദാരുണമായ അപകടം. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലാണ്.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. അപകടത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്ന് ആരോഗ്യ സര്‍വ്വകലാശാല വ്യക്തമാക്കി.