ആലപ്പുഴ ബൈപ്പാസിലെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നിര്‍മാണ സ്ഥലം ഇടവേളകളില്‍ പരിശോധിക്കുന്നതില്‍ വീഴച വരുത്തി എന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രൊജക്റ്റ് മാനേജര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഉദ്യോഗസ്ഥര്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ചിട്ടില്ലെന്നും മൊബൈല്‍ ഫോണിലൂടെയായിരുന്നു തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഇവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മൂന്നിനായിരുന്നു ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന നാല് ഗര്‍ഡറുകള്‍ തകര്‍ന്നുവീണത്. അപകടത്തില്‍ ആളപായം ഇല്ലായിരുന്നു. അതേസമയം, സംഭവത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രദേശവവാസികളും രംഗത്ത് വന്നിരുന്നു. നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്നും പരിശോധനകളാവശ്യമാണെന്നും നിര്‍മാണം തുടരണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.