ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വാഹന ഉടമയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആലപ്പുഴ എസ്പി. നിയമവിരുദ്ധമായാണ് വാഹന ഉടമ ഷാമില്‍ ഖാന്‍ കാര്‍ വാടകയ്ക്ക് നല്‍കിയതെന്ന് എസ് പി പറഞ്ഞു. കേസില്‍ ഇയാള്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ചു. അതേസമയം, വാഹനാപകടം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടു.
കാറുടമ ഷാമില്‍ ഖാന്‍ ഗൂഗിള്‍പേ വഴി പണം വാങ്ങിയതായി പൊലീസ് കണ്ടെത്തിയെന്ന് ആലപ്പുഴ ആര്‍ടിഒ ദിലു കെ വ്യക്തമാക്കി.വിദ്യാര്‍ത്ഥിയില്‍ നിന്ന് വാഹന ഉടമ ഷാമില്‍ ഖാന്‍ ലൈസന്‍സ് അയച്ചു വാങ്ങിയത് അപകട ശേഷമാണെന്ന വിവരമാണ് പുറത്തുവരുന്നത്. അപകടത്തില്‍ മരിച്ച അബ്ദുല്‍ ജബ്ബാറിന്റെ ലൈസന്‍സ് കാറുടമ സഹോദരനില്‍ നിന്ന് വാങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കാതെയാണ് ഷാമില്‍ ഖാന്‍ വാഹനം നല്‍കിയതെന്ന ആരോപണവും ഉയരുന്നുണ്ട്. റെന്റ് എ ക്യാബിനുള്ള ലൈസന്‍സ് വാഹന ഉടമയ്ക്ക് ഇല്ല. വാഹന ഉടമയ്‌ക്കെതിരെ വേറെയും പരാതികളുണ്ടെന്ന് ആര്‍ടിഒ പറഞ്ഞു. അനധികൃതമായി വാഹനം റെന്റിനു നല്‍കിയതിനാണ്് പരാതികള്‍. വാഹന ഉടമയ്‌ക്കെതിരെ നടപടി ഉണ്ടാകും. നിയമ വിരുദ്ധമായി റെന്റ് എ ക്യാബ് നല്‍കിയതിനാല്‍ ആര്‍സി ബുക്ക് റദ്ദാക്കും. വാഹന ഉടമയ്‌ക്കെതിരെ പ്രൊസിക്യൂഷന്‍ നടപടി ഉണ്ടാകുമെന്നും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും ആര്‍ടിഒ കെ ദിലു അറിയിച്ചു.