X

അലന്റേയും താഹയുടേയും ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരായ അലന്റേയും താഹയുടേയും ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഇന്നലെ ഹാജരാക്കിയിരുന്നു. പൊലീസിന്റെ കൈയിലുള്ള തെളിവുകളൊന്നും യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികളുടെ ജാമ്യാപേക്ഷയെ പ്രൊസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ യുഎപിഎ നിലനില്‍ക്കുമെന്നാണ് കോടതി നിരീക്ഷണമെങ്കില്‍ ജാമ്യ സാധ്യത അടയും. യുഎപിഎ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ പ്രത്യേക നിര്‍ദ്ദേശങ്ങമൊന്നും ഇല്ലെന്നായിരുന്നു പ്രോസിക്യൂട്ടര്‍ എം കെ ജയകുമാറിന്റെ ഇന്നലത്തെ മറുപടി. അതേ സമയം താഹയെയും അലനെയും പിടികൂടുന്ന സമയത്ത് ഓടി രക്ഷപ്പെട്ട മൂന്നാമനായി തെരച്ചില്‍ തുടരുകയാണ് പൊലീസ്.

അലനും താഹക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് പ്രതികളെയും കോഴിക്കോട് നിന്ന് മാറ്റണമെന്ന് ഇന്നലെ ജയില്‍ സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ ജയിലില്‍ സുരക്ഷിതരല്ലെന്നും അതിനാല്‍ ഇവരെ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് മാറ്റണമെന്നുമാണ് ആവശ്യം. ഇതിനായി ഉടന്‍ ഡിജിപിക്ക് അപേക്ഷ നല്‍കും.

chandrika: