കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലിലടച്ച അലനും താഹയും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതരായി. 2.45നാണ് ഇരുവരും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ നിന്നും മോചിതരായത്. ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു. 2019 നവംബര്‍ ഒന്നിനാണ് ഇരുവരും അറസ്റ്റിലായത്. 10 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇരുവരും ജയില്‍ മോചിതരായിരിക്കുന്നത്. രണ്ടുപേരുടെയും കുടുംബം ഇവരെ സ്വീകരിക്കുന്നതിനായി ജയില്‍ പരിസരത്ത് എത്തിച്ചേര്‍ന്നിരുന്നു.
അലന്‍ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണം എന്നീ നിബന്ധനകള്‍ക്ക് പുറമെ ഒരു ലക്ഷം രൂപയുടെ ബോണ്ടുമാണ് ജാമ്യം നല്‍കാന്‍ കോടതി വെച്ച നിബന്ധനകള്‍.
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലന്‍ ഷുഹൈബും, താഹ ഫസലും സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കൊച്ചിയിലെ എന്‍ഐഎ കോടതി വിധി പറഞ്ഞത്. എന്‍ഐഎ അന്വേഷണത്തില്‍ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നുമായിരുന്നു ഇരുവരും കോടതിയെ അറിയിച്ചത്.