കോഴിക്കോട്: അലന്റെയും താഹയുടെയും കേസില്‍ യുഎപിഎ പിന്‍വലിക്കില്ലെന്ന് പൊലീസ്. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി നാളെ വിധി പറയുമെന്ന് അറിയിച്ചു.
ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം വാദിച്ചു. യുഎപിഎ നിലനില്‍ക്കില്ലെന്ന് വാദിച്ച പ്രതിഭാഗം, പിടിയിലായവര്‍ ഏതു ദിവസും കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ എംകെ ദിനേശന്‍ പറഞ്ഞു.
അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന തരത്തില്‍ യാതൊരു വാദവും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായില്ല. യുഎപിഎ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ലെന്നും നിലവില്‍ യുഎപിഎ ചുമത്തി തന്നെയാണുള്ളതെന്നും കോടതിയില്‍ പ്രോസിക്യുഷന്‍ വിശദീകരിച്ചു.
അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കേസില്‍ നാളെ വിധി പറയാമെന്ന് കോടതി അറിയിച്ചത്.