കൊച്ചി: പന്തീരാങ്കാവ് മാവോവാദി കേസിലെ പ്രതികളായ അലന്റേയും താഹയുടേയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ ഹൈകോടതിയെ സമീപിക്കുന്നു. ഒന്നും രണ്ടും പ്രതികളായ അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച അപ്പീല്‍ നല്‍കും.
രാവിലെതന്നെ സ്‌റ്റേ അപേക്ഷ നല്‍കാനാണ് ശ്രമം. അപേക്ഷ ഹൈകോടതി അംഗീകരിച്ചാല്‍ പ്രതികള്‍ക്ക് ജയിലില്‍നിന്ന് ഇറങ്ങാനാവില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ഉച്ചക്കാണ് ഇവര്‍ ജയില്‍മോചിതരാകേണ്ടിയിരുന്നത്.
അലന്‍ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണം എന്നീ നിബന്ധനകള്‍ക്ക് പുറമെ ഒരു ലക്ഷം രൂപയുടെ ബോണ്ടുമാണ് ജാമ്യം നല്‍കാന്‍ കോടതി വെച്ച നിബന്ധനകള്‍.
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലന്‍ ഷുഹൈബും, താഹ ഫസലും സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കൊച്ചിയിലെ എന്‍ഐഎ കോടതി വിധി പറഞ്ഞത്. എന്‍ഐഎ അന്വേഷണത്തില്‍ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നുമായിരുന്നു ഇരുവരും കോടതിയെ അറിയിച്ചത്.
2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27 ന് കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്.