സയ്യിദ് ഷാ ആതെഫ് അലി അല്‍ ഖാദേരി മൗലവിയെ വെല്ലുവിളിച്ച് മൊട്ടയടിച്ച് സോനുനിഗം. ഉച്ചക്കു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തലമൊട്ടയടിച്ച് മൗലവിയോട് 10ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ട് സോനു എത്തിയത്. ബാങ്കുവിളിക്കെതിരെ നടത്തിയ അധിക്ഷേപത്തില്‍ മൗലവി സോനുവിനെതിരെ തിരിഞ്ഞിരുന്നു. സോനുവിന്റെ തലമൊട്ടയടിച്ച് കീറിയ ഷൂകൊണ്ടുള്ള പൂമാല അണിയിച്ച് രാജ്യമൊട്ടാകെ പ്രദര്‍ശിപ്പിച്ചാല്‍ 10ലക്ഷം രൂപ നല്‍കാമെന്നായിരുന്നു മൗലവിയുടെ പ്രഖ്യാപനം. പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ കൗണ്‍സില്‍ വിഭാഗം വൈസ് പ്രസിഡന്റാണ് ആതെഫ് അലി അല്‍ ഖാദരി.
മൗലവിയുടെ പ്രഖ്യാപനം കേട്ട സോനു അദ്ദേഹത്തെ വെല്ലുവിളിക്കുകയായിരുന്നു. താന്‍ മൊട്ടയടിച്ച് ജനങ്ങള്‍ക്കുമുമ്പില്‍ എത്തുമെന്നും മൗലവി പത്തുലക്ഷം നല്‍കാന്‍ തയ്യാറായിക്കോളൂ എന്നും സോനു രാവിലെ ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഉച്ചക്കു രണ്ടിന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സോനു തലമൊട്ടയടിച്ചെത്തിയത്. താന്‍ ഒരു സാമൂഹ്യ വിഷയത്തിലാണ് പ്രതികരിച്ചതെന്നും മതപരമായ വിഷയത്തിലല്ല പരാമര്‍ശം നടത്തിയതെന്നും പറഞ്ഞു. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമാണ് എടുത്തത്. ഒരു മതത്തേയും അപമാനിച്ചിട്ടില്ല. തന്റെ അഭിപ്രായമാണ് പറഞ്ഞത്. പ്രവാചകന്‍ മുഹമ്മദിനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സോനുനിഗം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
കഴിഞ്ഞ ദിവസമാണ് ബാങ്കുവിളിയെ അധിക്ഷേപിച്ച് ബോളിവുഡ് ഗായകന്‍ സോനുനിഗം രംഗത്തെത്തിയത്. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ. താനൊരു മുസ്‌ലിം അല്ല. രാവിലെ ബാങ്കുവിളികേള്‍ക്കുന്നതുമൂലം ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുകയാണെന്നും എന്നാണ് ഇന്ത്യയില്‍ ഇതിനൊരു അവസാനം ഉണ്ടാവുകയെന്നുമായിരുന്നു സോനുവിന്റെ ട്വീറ്റ്. ട്വീറ്റ് പുറത്തുവന്നതോടെ സോനുവിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഈ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മൗലവിയുടെ വിമര്‍ശനവും പ്രഖ്യാപനവും പുറത്തുവരുന്നത്.