ദോഹ: യുഎന്‍ വിമന്‍ ഫോര്‍ പീസ് അസോസിയേഷന്റെ ബോധവല്‍ക്കരണ പുരസ്‌കാരത്തിന് അല്‍ ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് അര്‍ഹമായി. വാര്‍ത്തകള്‍, പരിപാടികള്‍, ഡോക്യുമെന്ററികള്‍ എന്നിവയിലുള്‍പ്പടെ ലോകത്തിലെ പെണ്‍കുട്ടികളുടേയും വനിതകളുടേയും പ്രശ്‌നങ്ങളും അവയെ കുറിച്ചുള്ള ബോധവത്ക്കരണങ്ങളും മികച്ച രീതിയില്‍അവതരിപ്പിക്കുന്നതിനുള്ള അംഗീകാരമാണ് അല്‍ജസീറയ്ക്ക് ലഭിച്ച പുരസ്‌കാരം. രാജ്യാന്തര വനിതാ ദിനത്തില്‍ യുഎന്‍ വിമന്‍ ഫോര്‍ പീസ് അസോസിയേഷന്‍ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടത്തിയ പാനല്‍ ചര്‍ച്ചയോടുബന്ധിച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. ലോകത്താകമാനം വനിതകളെ ശാക്തീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് എന്ന വിയത്തിലായിരുന്നു പാനല്‍ ചര്‍ച്ച. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ജുവാന്‍ ലന്ദേന്‍, യുഎന്‍ കറസ്‌പോണ്ടന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷെര്‍വിന്‍ ബ്രെയിസ് പീസ്, ഹിയര്‍സ്റ്റ് മാഗസിന്‍സ് ചീഫ് കണ്ടന്റ് ഓഫിസര്‍ ജുവാന കോളസ്, അഭിനേത്രികളായ എഡി ഫാല്‍കോ, സിസേലി ടൈസണ്‍, നിക്കിലോഡിയന്‍ ഗ്രൂപ്പിന്റെ വിയാകോം പ്രസിഡന്റ് സൈമ സര്‍ഗാമി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ലോകത്തിലെ എല്ലാതരം വനിതകളുടേയും പ്രശ്‌നങ്ങളും പ്രതിസന്ധികളും പുറത്തെത്തിക്കുന്നതില്‍ പ്രാരംഭഘട്ടം മുതല്‍ പ്രതിബദ്ധതയിലൂന്നിയുള്ള നിലപാടാണ് അല്‍ജസീറ കൈക്കൊണ്ടതെന്ന് ഗ്ലോബല്‍ ബ്രാന്റ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല അല്‍നജ്ജാര്‍ പറഞ്ഞു.